Wednesday, 19 April 2017

ശുഭമുഹൂർത്തത്തിന് മുമ്പ്

ശുഭമുഹൂർത്തത്തിന് മുമ്പ്

വീടിന്റെ ശിലാസ്ഥാപനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്. ഒരു വീടിന്റെ കുറ്റിയടിക്കുന്ന ചടങ്ങ് ഒരു ഗൃഹത്തിന്റെ പണിയുടെ ആരംഭമായിട്ട് കണക്കെടുക്കാറില്ല. എന്നാൽ ശിലാസ്ഥാപനം നടത്തുന്ന അന്നുമുതലാണ് വീടിന്റെ പണി തുടങ്ങുന്നതായി കണക്കാക്കുന്നത്. പല സ്ഥലത്തും ഇത് പല പേരുകളിൽ അറിയപ്പെടുന്നു. കല്ലുവയ്ക്കുക, തറക്കല്ലിടുക, ശിലാന്യാസം, ആധാരശിലാസ്ഥാപനം, ഫൗണ്ടേഷൻ ലേയിംഗ് എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഗൃഹനിർമ്മാണത്തിന്റെ ആദ്യത്തെ പ്രക്രിയ എന്ന നിലയ്ക്ക് ഈ ചടങ്ങിന് വളരെ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ശുഭമുഹൂർത്തം നോക്കി മാത്രമേ ശിലാസ്ഥാപനം നടത്തുവാൻ പാടുള്ളൂ.
ഒരു ശിശു ജനിക്കുന്ന സമയത്ത് ജാതകം രചിക്കുന്നതുപോലെ തറക്കല്ലിടുന്ന സമയത്ത് ദീപനാളത്തിന്റെ കണക്കും കല്ല് ഇടുമ്പോൾ കോൺ തിരിഞ്ഞു വീഴുന്ന കല്ലിന്റെ കണക്കും നോക്കി വീട് പണിയുടെ ജാതകം നിശ്ചയിക്കാം. സാധാരണ തെക്ക് പടിഞ്ഞാറ് മൂല (കന്നിമൂല) യിലാണ് ശിലാസ്ഥാപനം നടത്താറുളളത്. വസ്തുവിന്റെ വടക്ക് കിഴക്കേ ഭാഗത്തിരുന്നാണ് വാസ്തുബലി നടത്തേണ്ടത്. ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിന് ആദ്യമായി അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി ഗണപതി സങ്കല്പത്തോടുകൂടി പൂജാരി പൂജ ചെയ്ത് ശിലാസ്ഥാപനം നടത്തുന്ന കല്ല് കഴുകി വൃത്തിയാക്കി ശുദ്ധമായ കളഭം ചാർത്തി കല്ല് പൂജിക്കണം. ഈ ചടങ്ങ് പൂജാരിമാരില്ലെങ്കിൽ വീട്ടിലെ കാരണവർക്കോ അതല്ലെങ്കിൽ കെട്ടിടം പണി ചെയ്യുന്ന പ്രധാന മേസ്തിരിക്കോ ചെയ്യാവുന്നതാണ്.
രണ്ടാമത്തെ നിലയിൽ
വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോൾ തെക്ക് പടിഞ്ഞാറ് കന്നിമൂല ഭാഗത്തുനിന്ന് കെട്ടി തുടങ്ങണം. ഒരു കാരണവശാലും കന്നിമൂല ഭാഗം പണിയാതെ വരരുത്. എന്നാൽ വടക്ക് കിഴക്കേഭാഗം പണിയുമ്പോൾ ബാൽക്കണിയായിട്ടോ ഓപ്പൺസ്പേസ് ആയിട്ടോ ഇടുന്നത് നല്ലതാണ്. ഗ്രൗണ്ട് ഫ്‌ളോറും ഫസ്റ്റ് ഫ്‌ളോറും ഒരു ഫാമിലി ഉപയോഗിക്കുകയാണെങ്കിൽ പൂജാമുറി ഗ്രൗണ്ടിൽ തന്നെയായിരിക്കണം. സ്റ്റെയർകെയ്‌സ് ക്‌ളോക്ക്‌വെയ്‌സിൽ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാരണവശാലും വടക്ക് കിഴക്കേ മൂലയിൽ നിന്നും സ്റ്റെയർകെയ്‌സ് ആരംഭിക്കരുത്.
വീടിന്റെപ്രധാന വാതിലിന് നേരെ അകത്ത് തടസം വരാത്തരീതിയിൽ ആയിരിക്കണം ഫർണിച്ചർ ക്രമീകരിക്കേണ്ടത്. ഡ്രോയിംഗ് ഹാളിൽ വെയിറ്റ് ഉള്ള സാധനങ്ങൾ എല്ലാംതന്നെ തെക്ക് ഭാഗത്തായി ക്രമീകരിക്കണം. ഫിഷ്ടാങ്ക്, വാട്ടർഫൗണ്ടൻ എന്നിവ ഹാളിന്റെ വടക്കുഭാഗത്തായിട്ട് ക്രമീകരിക്കണം. വീടിന്റെ മദ്ധ്യഭാഗം തുറസ്സായി കിടക്കണം. ഡൈനിംഗ് ടേബിൾ കിഴക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ ഇടുന്നത് നല്ലതാണ്. കുട്ടികൾക്ക് പഠിക്കുവാനുള്ള മുറിയും കിഴക്കും പടിഞ്ഞാറും നല്ലതാണ്. പ്രധാന ബെഡ്റൂം തെക്ക് ഭാഗത്ത് വരുന്നതാണ് നല്ലത്. വീട്ടിലെ മുതിർന്നവർക്ക് കിടക്കുവാൻ വടക്ക് കിഴക്ക് ഭാഗത്തുള്ള മുറികൾ നല്ലതാണ്.
കല്യാണം കഴിക്കാത്ത പെൺകുട്ടികൾ വടക്ക് പടിഞ്ഞാറേ ഭാഗത്തേ മുറി ഉപയോഗിക്കുന്നതാണ് ഉത്തമം. വാഹനം പാർക്ക് ചെയ്യേണ്ടത് തെക്ക് കിഴക്കേ ഭാഗത്തോ വടക്ക് പടിഞ്ഞാറ് ഭാഗത്തോ ആണ്. വാഹനത്തിന്റെ മുൻഭാഗം തെക്കോട്ട് നോക്കിയിടുവാൻ പാടില്ല. മറ്റ് മൂന്ന് ദിക്കിലും ആകാവുന്നതാണ്. വീടിന്റെ കോമ്പൗണ്ടിന്റെ മൂലകൾ ചേർത്ത് അനാവശ്യമായ രീതിയിലുള്ള നിർമ്മിതികൾ ഒഴിവാക്കണം.

No comments:

Post a Comment