പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും ~ കുറ്റിയടിക്കല്‍ / വീടിന്റെ സ്ഥാനനിര്‍ണ്ണയം ~ ലക്ഷണങ്ങള്‍
വൃത്താകാരത്തിലുള്ള പറമ്പില്‍ വീട് പണിതു പാര്‍ത്താല്‍ കടുത്ത ദാരിദ്ര്യമായിരിക്കും ഫലം. അര്‍ദ്ധചന്ദ്രാകാരത്തിലുള്ള പറമ്പില്‍ ഗൃഹം പണിത് പാര്‍ത്താല്‍ ദുഖമായിരിക്കും ഫലം.
മൂന്നു, അഞ്ച്, ആറ് കോണുകളോടുകൂടിയ പറമ്പില്‍ പുരപണിത് താമസിച്ചാല്‍ രാജഭീതിയും ധനക്ഷയവുമായിരിക്കും ഫലം. മത്സ്യത്തിന്റെയോ ആമയുടെയോ പുറം പോലെ ഉയര്‍ന്നിരിക്കുന്ന പറമ്പില്‍ വീട് പണിതു താമസിച്ചാല്‍ നാല്‍ക്കാലിനാശമായിരിക്കും ഫലം.
മുറത്തിന്റെ ആകൃതിയിലുള്ള പറമ്പില്‍ ഗൃഹം ചമച്ചു പാര്‍ത്താല്‍ ഗൃഹവാസികള്‍ക്ക് വാതരോഗം ഉണ്ടാകുമത്രെ. കുടത്തിന്റെ ആകൃതിയില്‍ പറമ്പില്‍ വീട് പണിതു പാര്‍ത്താല്‍ കുഷ്ഠരോഗം പിടിപെടുന്നതാണത്രെ.
നാഗപ്രുഷ്ഠത്തില്‍ ഗൃഹനിര്‍മ്മാണം അശുഭകരം:~
കിഴക്ക്പടിഞ്ഞാറ് നീളത്തില്‍ തെക്കുവടക്ക് വീതികുറഞ്ഞ ഭൂപ്രദേശത്തെ നാഗപ്രുഷ്ടം എന്ന പേരിലറിയപ്പെടും. അതില്‍ വീട് പണിതു പാര്‍ത്താല്‍ പുത്രനാശം, ധനനാശം, ഭാര്യാഹാനി, ദുര്‍മരണം ഇവയായിരിക്കും ഫലം. എന്നാല്‍ തെക്കുവടക്ക് നീളത്തിലുള്ള പറമ്പില്‍ വസതി നിര്‍മ്മിച്ച് പാര്‍ക്കുന്നത് സര്‍വ്വസിദ്ധിക്കും നീളത്തില്‍ മൂന്നിലൊന്ന് വീതി കുറഞ്ഞാല്‍ ധനാഗമനത്തിനും ചതുരമായ ഭൂമി ബുദ്ധിവൃദ്ധിക്കും കാരണമാകും.
കുറ്റിയടിക്കല്‍:~
ഗൃഹം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി ഗൃഹനാഥന്റെ ആവശ്യമനുസരിച്ച് ശാസ്ത്രിയമായി പ്ലാനുകള്‍ തയ്യാറാക്കി ഗൃഹത്തിനുള്ള സ്ഥാനനിര്‍ണ്ണയം നടത്തുന്ന പ്രവൃത്തിയെയാണ് കുറ്റിയടിക്കല്‍ചടങ്ങ് എന്ന് പറയുന്നത്.
വീടിന്റെ സ്ഥാനനിര്‍ണ്ണയം / ലക്ഷണങ്ങള്‍:~
ഒരു പറമ്പില്‍ വീടിനുള്ള സ്ഥാനനിര്‍ണ്ണയത്തെപ്പറ്റി പറയാം. ഉദാഹരണമായി ഇരുപത് സെന്റ് പുരയിടത്തില്‍ കിഴക്കോട്ട് ദര്‍ശനമാകുന്ന വീടിന് തെക്കും വടക്കും സമമാക്കി തെക്കോട്ട് ഗമനം വെച്ച് തെക്കുപടിഞ്ഞാറ് കുറ്റിയില്‍ സ്ഥാനനിര്‍ണ്ണയം ചെയ്യാം. വടക്കോട്ട് ദര്‍ശനമാകുന്ന വീടിന് കിഴക്കുപടിഞ്ഞാറ് ദിക്കുകളിലെ ഗൃഹദൈര്‍ഘ്യം കഴിച്ച് ബാക്കി ഇരുഭാഗങ്ങളും സമമാക്കി കിഴക്കോട്ട് ഗമനം കണ്ട് അതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കുറ്റിയടിച്ച് പറമ്പിന്റെ കിടപ്പനുസരിച്ച് സ്ഥാനനിര്‍ണ്ണയം ചെയ്യാം.
ഗൃഹത്തിന് സ്ഥാനനിര്‍ണ്ണയം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍:~
വീടിന് സ്ഥാനം നിര്‍ണ്ണയിക്കുമ്പോള്‍ ചരടുപോട്ടിയാല്‍ മൃത്യു വൈകാതെ സംഭവിക്കുമെന്ന് പറയണം.
സ്ഥാനത്ത് ഉറപ്പിക്കാനുള്ള സ്ഥാനകുറ്റിയുടെ ചുവടുഭാഗം കിഴക്കുദിക്കിലെക്കോ, ഈശകോണിലേക്കോ, വടക്കുദിക്കിലെക്കോ, വായുകോണിലേക്കോ ആയി കണ്ടാല്‍ മഹാരോഗമുണ്ടാകുമെന്ന് പറയണം.
വീട് പണിയുന്ന വ്യക്തിയെ സ്ഥാനനിര്‍ണ്ണയസമയത്തോ അതിനു മുന്‍പോ ദുഖിതനായി കണ്ടാല്‍ മരണഫലത്തെ പറയണം.
സ്ഥാനകുറ്റി ഏത് രാശിയെ ലക്ഷ്യമാക്കിയാണോ കിടക്കുന്നത് അത് ലഗ്നമായികണ്ട് ആ ഭൂമിയുടെ പുരാതനസ്ഥിതികളും തല്ക്കാലനിലകളും വരാനിരിക്കുന്ന കാര്യങ്ങളും പറയാം. സ്ഥാനകുറ്റിയുടെ ചുവടുഭാഗം വിപരീതമായാല്‍ രോഗവും, വായു - അഗ്നികോണുകളിലേക്കായാല്‍ മരണവും, വടക്ക് അഗ്രവും തെക്ക് ചുവടുമായാല്‍ വീടുപണി പൂര്‍ത്തിയാകാന്‍ കാലദൈര്‍ഘ്യവും കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടുമായാല്‍ താമസം കൂടാതെ വീടുപണി പൂര്‍ത്തിയാകുമെന്നും പറയാം. കന്നിരാശിയിലേക്ക് ചുവടുഭാഗവും ഈശകോണിലേക്ക് അഗ്രവുമായാല്‍ സുഖവുമായിരിക്കും ഫലം.
കുറ്റി ഉണക്കമരമായാല്‍ അശുഭവും പാലുള്ളതായാല്‍ ശുഭവും പുന്നമരമായാല്‍ ഏറെ ഉത്തമവുമാണ്.
ശുഭം...