Monday, 19 February 2018

വാസ്തുശാസ്ത്രം ഗൃഹപ്രവേശം

വാസ്തുശാസ്ത്രം ഗൃഹപ്രവേശം


വാസ്തുശാസ്ത്ര തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച വീട് ആണ്, ഇനി പാര്‍ക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങാം എന്ന് പുതുതായി വീട് പണിതവര്‍ വിചാരിക്കുന്നു എങ്കില്‍ തെറ്റി. വാസ്തുശാസ്ത്രം അനുശാസിക്കുന്ന തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച വീട് ആണ് എങ്കില്‍ കൂടി താഴെപറയുന്ന തെറ്റുകള്‍ സംഭവിക്കാം. സ്ഥപതി അംഗീകരിച്ചു നല്‍കിയ ഉത്തമ ചുറ്റളവ് ആണ്, പക്ഷെ കെട്ടിടം നിര്‍മ്മിച്ച ആശാരി/ കോണ്‍ട്രാക്ടറുടെ പിഴവ് കൊണ്ടോ, നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ല്, വെട്ട്കല്ല്, ഇട്ഷിക, സിമന്റ് ഇഷ്ടിക എന്നിവയുടെ വലിപ്പവ്യത്യാസം കൊണ്ടോ Plastering (തേപ്പ്കനം)ലെ പൊരുത്തക്കേടുകള്‍ കൊണ്ടോ ചുറ്റളവില്‍ ചെറിയവ്യത്യാസങ്ങള്‍ കടന്നുകൂടാം. ഈ ചെറിയ വ്യത്യാസങ്ങള്‍ മതി വീടിനുളളിലെ മുറികളില്‍ ചുറ്റളവ് മരണച്ചുറ്റിലോ, മറ്റ് അനുവദനീയമല്ലാത്ത ചുറ്റിലോ ചെന്ന്‌പെടാന്‍. അപ്രകാരം സംഭവിച്ചാല്‍ അതുവരെ ചെയ്തുകൂട്ടിയ പരിശ്രമങ്ങള്‍ക്ക് ഫലമില്ലാതെ പോകും. ആയതിനാല്‍ ഗൃഹപ്രവേശനത്തിന് മുന്‍പേ ഒരു വാസ്തുശാസ്ത്ര വിദഗ്ധന്റെ (സ്ഥാപതി) സഹായത്തോടെ തെറ്റ് കുറ്റങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിയ്ക്കണം. 90% വീടുകളിലും മേല്‍പ്പറഞ്ഞ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. സ്ഥാപതി അംഗീകരിച്ചുതന്ന രൂപരേഖ പ്രകാരം നിര്‍മ്മിച്ച വീട്/പാര്‍പ്പിടം ആണ് എന്ന് കരുതി മേല്‍പ്പറഞ്ഞ രീതിയിലുളള ഒരു പരിശോധനയ്ക്ക് വീട്ടുകാര്‍ തയ്യാറാകുന്നതാണ് ഒരു പരിധിവരെ വീട്ടില്‍ താമസിക്കുന്നവരില്‍ ദോഷപ്രതികരണങ്ങള്‍ ഉളവാക്കുന്നത്. ആയതിനാല്‍ ഗൃഹപ്രവേശത്തിന് മുന്‍പ് തന്നെ സ്ഥപതിയുടെ സഹായം ആവശ്യപ്പെടേണ്ടതാണ്. വാസ്തുശാസ്ത്രതത്ത്വങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിച്ച് ഗൃഹപ്രവേശത്തിന് തയ്യാറെടുക്കുന്നവരും, വാസ്തുശാസ്ത്രം അനുസരിച്ചല്ലാതെ നിര്‍മ്മിച്ച വീടുകളില്‍ താമസിച്ച് ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരും ഇത്തരം ഒരു പരിശോധനയ്ക്ക് ശ്രമിക്കുന്നത് ഉത്തമമാണ്. വാസ്തുശാസ്ത്രമെന്നാല്‍ ഒരു ലളിതമായ ശാസ്ത്രമാണ്. സ്വന്തം പാര്‍പ്പിടം ഒരുക്കുന്നതിന് ആവശ്യമായ ചില ശാസ്ത്രീയ അടിത്തറകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്ന് മാത്രം. ഒരുവന് സ്വയം ക്രമീകരിക്കാവുന്ന തത്വങ്ങള്‍ മാത്രമെ ഇതില്‍ പ്രതിപാദിച്ചിട്ടുളളൂ. സ്വയം സാധിയ്ക്കുന്നില്ല എങ്കില്‍ മാത്രമെ സ്ഥപതിയുടെ സേവനം നേടേണ്ടതുളളൂ. ഗൃഹപ്രവേശം ഗൃഹപ്രവേശത്തിന് സമയം കുറിക്കാന്‍ ഒരു ജ്യോതിഷന്റെ ഉപദേശപ്രകാരം ഗൃഹനാഥന്റെ/സഹധര്‍മ്മിണിയുടെ നക്ഷത്രവുമായി ബന്ധപ്പെട്ട് പാലുകാച്ചുന്നതിനുളള സമയം നോക്കുകയാണ് വേണ്ടത്. വാസ്തുബലി വിധിപ്രകാരം ശിലാസ്ഥാപനം നടത്തി പഞ്ചലോഹം സ്ഥാപിച്ച് തുടങ്ങിയവ ഗൃഹനിര്‍മ്മാണം, ഗൃഹനിര്‍മ്മാണഘട്ടങ്ങളില്‍ വീട് നിര്‍മ്മിക്കുന്ന ആശാരി, കോണ്‍ട്രാക്ടര്‍, സ്ഥപതി എന്നിവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഗൃഹനാഥനും കുടുംബത്തിനും സമ്പന്നതയോടും, ഐശ്വര്യത്തോടും സഹവര്‍ത്തിത്തത്തോടും, പരസ്പരം സ്‌നേഹിച്ചും അവിടെ വസിക്കുന്നതിന് വാസ്തുബലി നടത്തേണ്ടത് ആവശ്യമാണ്. വാസ്തുബലിയ്ക്ക് ഗൃഹവും പരിസരവും നന്നായി അലങ്കരിക്കണം. അലങ്കാരങ്ങള്‍ ചെയ്ത് ബലിപൂജ ചെയ്യണം. വാസ്തുബലി നടത്തി പഞ്ചശിരസ് സ്ഥാപിക്കണം. നിര്‍മ്മിതിയിലും, പുരയിടത്തിലും, പൂര്‍വ്വികമായും ഒക്കെ വന്നുപോയിട്ടുളള ശകുനപ്പിഴകളുടെ പ്രായശ്ചിത്തം എന്ന നിലയ്ക്കാണ് ഈ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. പഞ്ചശിരസ് സ്ഥാപനം വീട് പണിയുമ്പോള്‍ സംഭവിച്ച ചുറ്റുദോഷങ്ങള്‍ (വീട് നിര്‍മ്മിച്ചവരുടെ തെറ്റുകള്‍ മൂലം വന്ന ചുറ്റളവിലെ മാറ്റം) , മര്‍മ്മപീഢ പ്രദാനം ചെയ്യുന്ന മര്‍മ്മദോഷങ്ങള്‍ (മഹാമര്‍മ്മങ്ങളിലും മറ്റു മര്‍മ്മങ്ങളിലും വീടിന്റെ ഭിത്തി, വാതിലുകള്‍, ജനാലകള്‍ എന്നിവ വന്നതുമൂലമുളള ദോഷങ്ങള്‍), എന്നിവ മാറ്റുന്നതിനാണ് പഞ്ചശിരസ്സുകള്‍ സ്ഥാപിക്കുന്നത്. പഞ്ചശിരസ്സ് എന്നാല്‍ അഞ്ച് ശിരസ്സുകള്‍. ഗജം, കൂര്‍മ്മം, വരാഹം, മഹിഷം, സിംഹം എന്നിങ്ങനെ അഞ്ചുമൃഗങ്ങളുടെ തലഭാഗം മാത്രം സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ് പഞ്ചശിരസ്സ്. 61/2 ഗ്രാം സ്വര്‍ണ്ണം അല്ലെങ്കില്‍ അരപ്പണതൂക്കം ( പഴയ കണക്ക്) ഉപയോഗിച്ച് വേണം പഞ്ചശിരസ്സ് നിര്‍മ്മിക്കാന്‍. സ്വര്‍ണ്ണത്തിന് വിലയേറുന്നതിനാല്‍ നടുക്ക് വരുന്ന സിംഹത്തിന്റെ തലഭാഗം മാത്രമെങ്കിലും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കേണ്ടതാണ്. അഞ്ച് ശിരസ്സ് പഞ്ചഭൂതാത്മകമായ തത്ത്വത്തെയാണ് സൂചിപ്പിക്കുന്നതാണ് എന്നുതന്നെയാണ് സങ്കല്‍പ്പം. വീട് പണി തുടങ്ങി പണി പൂര്‍ത്തിയാകുന്നതുവരെ അത് പണിക്കാരുടെ കൈയ്യിലും, സ്ഥപതിയുടെ നിയന്ത്രണത്തിലും ആണ്. പിറ്റേദിവസം രാവിലെ (ഗൃഹപ്രവേശ ദിവസം) ഗണപതിഹോമത്തോടെ മാത്രം വീട് ഗൃഹനാഥനും കുടുംബത്തിനും സ്വന്തമാകുന്നു. ഗൃഹനിര്‍മ്മാണാരംഭം മുതല്‍ ഗൃഹപ്രവേശ ദിവസം വരെ സ്ഥപതി, മറ്റ വീട് പണിക്കാര്‍ , കോണ്‍ട്രാക്ടര്‍ എന്നിവരുടെ നിയന്ത്രണത്തിലും, ഗൃഹനാഥന്റെ പരിപൂര്‍ണ്ണ ശ്രദ്ധയിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത്. ഗൃഹനിര്‍മ്മാണശേഷം നടത്തേണ്ട കര്‍മ്മങ്ങള്‍, ദോഷപരിഹാരകര്‍മ്മങ്ങള്‍ നടത്താതെ ഗൃഹപ്രവേശം നടത്തി വീട്ടില്‍ താമസം തുടങ്ങിയവര്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ എന്നിവ മനസ്സിലായി എന്നു കരുതുന്നു. മേല്‍പ്പറഞ്ഞ കര്‍മ്മങ്ങള്‍ക്കു ശേഷം ബന്ധുമിത്രാദികളെ ക്ഷണിച്ച് അവരുടെ അനുഗ്രഹാശിസ്സോടെ ഗൃഹപ്രവേശം നടത്തി വസിക്കുന്ന വീട്ടില്‍ ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യം, സമ്പത്ത് എന്നിവ ലഭിക്കും.

ഗൃഹചിന്തനം

ഒരു ഗൃഹം സ്വന്തമാക്കണമെന്ന ചിന്ത തോന്നിത്തുടങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുകയാണ് ഈ ലേഖനത്തിലൂടെ. ഉളള സ്ഥലത്ത് വീട് വയ്ക്കുക, വീട് വാങ്ങുക, സ്ഥലം വാങ്ങി വീട് വയ്ക്കുക ഇതില്‍ എന്തുതന്നെ ആശയം ഉടലെടുത്താലും ആദ്യം ഈശ്വരാധീനം ചിന്തിക്കേണ്ടതുണ്ട്. അതിനായി ജ്യോതിഷത്തില്‍ കൂടി പാണ്ഡിത്യം ഒരു വാസ്തു വിദഗ്ധനെ കാണുകയാണ് വേണ്ടത്. ഗ്രഹനില വിശകലനം ചെയ്ത് അനുകൂല സമയം മനസ്സിലാക്കാനും വേണമെങ്കില്‍ പ്രശ്‌നം കൂടി വച്ച് ദൈവാധീനം നോക്കി പറഞ്ഞുതരുവാനും ഒരനുഗ്രഹഹീത വാസ്തുവിദഗ്ധന് കഴിയും. പ്രശ്‌ന ചിന്തയില്‍ എന്തെങ്കിലും ദോഷദുരിതം കണ്ടാല്‍ അവ നീക്കിയതിന് ശേഷമേ ഗൃഹസംബന്ധിയായ കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടതുളളൂ. പിതൃദോഷം, ശാപദോഷം, ശത്രുദോഷം, സ്ഥലദോഷം, ധര്‍മ്മദൈവ ദോഷം എന്നിവയും ഗൃഹനിര്‍മ്മാണ സമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും. ദോഷദുരിതം നീങ്ങാതെ ഗൃഹനിര്‍മ്മാണത്തിന് ഇറങ്ങിത്തിരിച്ചാല്‍ ധനനഷ്ടം, ഗൃഹനിര്‍മ്മാണത്തില്‍ വിഘ്‌നം എന്നിവയും ഉറപ്പായും ഉണ്ടാകും. ആയതിനാല്‍ വീട് എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്ന നിമിഷത്തില്‍ തന്നെ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ജാതിയോ, മതമോ പരിഗണിക്കേണ്ടതില്ല. കാരണം ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ഏതെങ്കിലും പ്രതേ്യക ജാതി-മത വിഭാഗത്തിന്റേതല്ല. മനുഷ്യമതത്തിന് ആകെ പ്രയോജനപ്പെടുന്നതിനുവേണ്ടി ആചാര്യന്മാര്‍ വികസിപ്പിച്ചെടുത്തതാണ്. കുടുംബദൈവങ്ങള്‍ (പരദേവത) ജ്യോതിഷചിന്തനത്തില്‍ ധര്‍മ്മദൈവങ്ങള്‍ അനിഷ്ടകരമായി നില്ക്കുന്നു എന്നു കണ്ടാല്‍ ധര്‍മ്മദൈവ ക്ഷേത്രങ്ങളില്‍ ഉടനെ ദര്‍ശനം നടത്തി വെറ്റില, പാക്ക്, നാണയം എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. അച്ഛന്‍ വഴിയും അമ്മ വഴിയുമായുളള ക്ഷേത്രങ്ങള്‍, കാവുകള്‍, വച്ചാരാധനകള്‍ എന്നിവ പ്രാധാന്യമേറിയതാണ്. കുലദൈവത്തെ മറന്ന് എത്ര വലിയ വിദൂര ക്ഷേത്രദര്‍ശനം നടത്തിയാലും പ്രയോജനം ലഭിക്കുകയില്ല. വീട് നിര്‍മ്മിക്കണമോ, വാങ്ങണമോ ? ജ്യോതിഷചിന്തയിലൂടെ ഇതിന് വ്യക്തമായ ഉത്തരം ലഭിക്കും. ശരിയായ ജ്യോതിഷ ചിന്ത ചെയ്ത് വീട് വാങ്ങിയാല്‍ / വീട് നിര്‍മ്മിച്ചാല്‍ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം. വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി ജ്യോതിഷചിന്തയിലൂടെ ഉത്തമം എന്നു കണ്ടെത്തിയ വീട്/ സ്ഥലം ഒരു വാസ്തുവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണം. വീടിന്റെ/കിണറിന്റെ സ്ഥാനം നിര്‍ണ്ണയിക്കാനും കണക്ക് തയ്യാറാക്കാനും ഈ വിഷയത്തില്‍ വാസ്തുവിദഗ്ധന്റെ സഹായം ആവശ്യമാണ്. വാസ്തു സംബന്ധമായ അറിവ് മാത്രമല്ല ഉപാസനാ ഗുണങ്ങളും, ഈശ്വരാധീനവും ഉളള വ്യക്തി ആകണം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥപതി. ഗൃഹത്തിന്റെ വലിപ്പം, ദര്‍ശനം, മുറിയുടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തിത്തരുവാനും, ദൈവാധീനത്തോടെ തീരുമാനം എടുക്കുവാനും ഒരു സ്ഥപതി നിങ്ങളെ സഹായിക്കും. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ദൈവജ്ഞ ശാസ്ത്രങ്ങളാണ്. അതിനാല്‍ ശാസ്ത്രത്തിലെ അറിവ് മാത്രമല്ല ഉപാസനാചര്യകളും, വിശ്വാസവും, ഭക്തിയും ഉളള സ്ഥപതി സ്ഥാനനിര്‍ണ്ണയം ചെയ്യുന്ന ഗൃഹത്തില്‍ വസിച്ചാല്‍ ആയുരാരോഗ്യസൗഖ്യം ഫലം. സ്ഥലദോഷങ്ങള്‍, ദുരിതങ്ങള്‍ അകറ്റുന്ന വിധം ഗൃഹനിര്‍മ്മാണത്തിന് പ്രശ്‌നചിന്തയിലോ, നിമിത്തശാസ്ത്രത്തിലോ ദോഷം കണ്ടാല്‍ നിര്‍ബന്ധമായും ദോഷപരിഹാരം ചെയ്യണം. ഇത്തരം ദോഷപരിഹാരം നിര്‍ദ്ദേശിക്കുന്നതിന് വാസ്തു വിദഗ്ധന് നിങ്ങളെ സഹായിക്കാനാകും. വീട് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച സ്ഥലം ദോഷഭൂമിയായി കണ്ടാല്‍ ദോഷപരിഹാരം ചെയ്ത് താന്ത്രിക വിധിപ്രകാരമുളള കര്‍മ്മങ്ങള്‍ ചെയ്തുതന്നെ വേണം ഗൃഹനിര്‍മ്മാണം നടത്തുവാന്‍. സ്ഥലരക്ഷ ദോഷപരിഹാരം ചെയ്ത ഭൂമിയാണെങ്കിലും, ദോഷരഹിതമായ ഭൂമിയാണെങ്കിലും പിന്നീട് ദോഷങ്ങള്‍ വരാതിരിക്കുവാന്‍ പഞ്ചലോഹസ്ഥാപനം വിധിപ്രകാരം നടത്തേണ്ടതാണ്. വീടോടു കൂടിയ സ്ഥലമാണ് വാങ്ങുന്നതെങ്കിലും സ്ഥലരക്ഷ ചെയ്ത് പഞ്ചശിരസ്സ് സ്ഥാപനം, മേലില്‍ ദോഷങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തയ്യാറാടെപ്പുകള്‍ , വിധിപ്രകാരമുളള താന്ത്രികാനുഷ്ഠാനങ്ങള്‍ എന്നിവ നടത്തിയ വീട്ടില്‍ വാസം ആരംഭിച്ചാല്‍ ഗൃഹവാസികള്‍ക്ക് അടുത്ത 12 വര്‍ഷക്കാലത്തേയ്ക്ക് ആരോഗ്യം, സമ്പന്നത, ഐശ്വര്യം എന്നിവ അനുഭവിക്കാം. വാസ്തുബലി എല്ലാ പണികളും പൂര്‍ത്തിയാക്കിയ വീട് അഥവാ വാങ്ങിയ വീട് എന്നിവയില്‍ ഗൃഹപ്രവേശം നടത്തും മുന്‍പ് പഞ്ചശിരസ്സ് സ്ഥാപനവും, വാസ്തുബലിയും നടത്തണം. ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയില്‍ വാസ്തുപുരുഷനും, ഉപമൂര്‍ത്തികള്‍ക്കും പൂജകഴിച്ച് ഹവിസ് ബലിതൂകുന്ന ചടങ്ങാണ് വാസ്തുബലി. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ ചടങ്ങാണ് ഇത്. ഈ പൂജ നടത്താത്ത വീടുകളില്‍ താമസിക്കാന്‍ കൊളളില്ല, ബിസിനസ്സ് സ്ഥാപനങ്ങളില്‍ നേരാംവണ്ണം ബിസിനസ്സ് നടക്കില്ല. രാത്രിയിലാണ് ഈ പൂജയും ബലിയും നടത്തേണ്ടത്. പണിപൂര്‍ത്തിയാക്കിയ വീട്, വാങ്ങിയ വീട്, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ വാസ്തുബലി, പഞ്ചശിരസ്സ് സ്ഥാപനം എന്നിവ നടത്തി അനുഗ്രഹം വാങ്ങിയ ശേഷം മാത്രം ആകണം പാല് കാച്ച്, ഗൃഹപ്രവേശം, ബിസിനസ്സ് ആരംഭം എന്നിവ നടത്തുവാന്‍.

വാസ്തുവും ദാമ്പത്യവും

ഗൃഹസ്ഥാശ്രമിക്ക് വേണ്ടിയുളളതാണ് കുടുംബം. കൂടുമ്പോള്‍ ഇമ്പമുളളതാകണം കുടുംബം. ആ കൂടിച്ചേരലിനുളള വേദിയാണ് വീട് അഥവാ പാര്‍പ്പിടം. ഒരു ഗൃഹസ്ഥാശ്രമിയ്ക്ക് ഭാര്യ, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരും സഹോദരനും സഹോദരി എന്നിങ്ങനെ പല ബന്ധുമിത്രാദികളും ഉണ്ട്. അങ്ങനെയുളളവര്‍ ജീവിതത്തിന്റെ പല ദശകളില്‍ വീടുകളില്‍ വസിക്കേണ്ട മുറികള്‍ ഏത് എന്നുവരെ കൃത്യമായി വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അപ്പോള്‍ ദമ്പതികള്‍ക്കും അവരെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് അംഗങ്ങള്‍ക്കും ജീവിതത്തില്‍ വെളിച്ചമേകാനുളള മാര്‍ഗ്ഗങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു എന്ന് മനസ്സിലാകുമല്ലോ? പ്രണയം പ്രണയം ഒരു മായാജാലമാണ്. പ്രണയിക്കപ്പെട്ടിട്ടുളളവര്‍ പറയുന്നത് നുകരും തോറും മാധുര്യമേറുന്നതാണ് പ്രണയം എന്നതാണ്. പ്രണയത്തിന്റെ അഥവാ ദാമ്പത്യത്തിന്റെ പുതുമ വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്നുവോ? വിഷമിയ്‌ക്കേണ്ട കാര്യമില്ല. ജീവിതത്തെ പ്രണയലോലമാക്കുവാനുളള ചില വഴികളും ഭാരതീയ വാസ്തുശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. അവ കണ്ടറിഞ്ഞ് പ്രാവര്‍ത്തികമാക്കണമെന്നു മാത്രം. വീടിനുളളില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപക്ഷെ നഷ്ടമായ പ്രണയനിമിഷങ്ങള്‍ തിരികെ വന്നേയ്ക്കാം. പക്ഷെ അതിന് ഒരു വാസ്തു വിദഗ്ധന്റെ സഹായം ആവശ്യമായി വരും.കിടപ്പുമുറിയുടെ സ്ഥാനം പ്രധാനം മുറിയുടെ ആകൃതി വലിയ പങ്ക് വഹിക്കുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള ആകൃതിയിലല്ല മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത് എങ്കിലും നിരാശപ്പെടേണ്ടതില്ല. കുറഞ്ഞ ചിലവില്‍ അനുയോജ്യമായ ആകൃതിയിലേയ്ക്ക്, അനുസൃതമായ ചുറ്റളവിലേയ്ക്ക് മാറ്റാവുന്നതാണ്. ദിക്കുകളില്‍ തെക്കിന്റെ പ്രാധാന്യം നമുക്ക് അറിയാവുന്നതാണ്. വടക്ക് നിന്ന് തെക്ക്ദിക്കിലേയ്ക്ക് ഭൂമിയുടെ കാന്തികപ്രഭാവം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആ തെക്ക് ദിക്കിനെ അനുയോജ്യമായി ഉപയോഗിച്ചാല്‍ ഒരു വ്യക്തിക്ക് തന്റെ ഉറക്കം സുഖകരമാക്കാം. സുഖനിദ്ര ലഭിക്കുന്ന വ്യക്തിയുടെ മനസ്സും പ്രണയ സുരഭിലമാകും എന്ന് എല്ലാവര്‍ക്കും അറിവുളളതാണല്ലോ കട്ടിലിന്റെ സ്ഥാനം കട്ടിലിന്റെ സ്ഥാനംപോലെ കട്ടിലിലെ ബെഡ്, കിടക്കവിരിയുടെ നിറം എന്നിവയ്ക്ക് പോലും നിങ്ങളിലെ മനസ്സിനെ നിയന്ത്രിയ്ക്കാനാകും. അവിവാഹിതന്‍ ഉപയോഗിക്കേണ്ട മുറികള്‍ വ്യത്യസ്തമാണ്. ആണ്‍കുട്ടി/പെണ്‍കുട്ടി ഉപയോഗിക്കേണ്ട മുറികളും വ്യത്യസ്തമാണ്. മുറിയുടെ ഭിത്തിയുടെ കളര്‍ ഉറക്കത്തെ സ്വാധീനിക്കും. അതുപോലെ ജനാലകളിലെ കര്‍ട്ടന്റെ നിറവും ലൈംഗിക ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ ധരിയ്‌ക്കേണ്ട വസ്ത്രങ്ങളുടെ വര്‍ണ്ണങ്ങള്‍ പോലും പുരാതനകാലം മുതല്‍ക്കേ വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു എന്നത് അത്ഭുതമുളവാക്കുന്നു. പാഴ് വസ്തുക്കളുടെ ഗോഡൗണ്‍ ആക്കി ബെഡ്‌റൂമിനെ മാറ്റുന്നവര്‍ ഉണ്ട്. കട്ടിലിന്റെ അടിയിലും, മുറിയില്‍ ഭിത്തികളിലെ ഷെല്‍ഫുകളുടെ മുകള്‍ഭാഗത്തും പാഴ് വസ്തുക്കള്‍ വൃത്തിഹീനമായി സൂക്ഷിച്ചിരിക്കുന്ന വീടുകളില്‍ വസിയ്ക്കുന്ന ദമ്പതികള്‍ കലഹപ്രിയരായിരിയ്ക്കും എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രപിന്തുണ ആവശ്യമില്ല. ഉറങ്ങാന്‍ പോകുന്നത് വരെ മുറികളിലെ പ്രകാശം, മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വേണ്ടുന്ന പ്രകാശത്തിന്റെ തീവ്രത (Luminus In-tenctiy) വരെ പ്രണയത്തെ സ്വാധീനിക്കപ്പെടുന്നു. റൂമുകളിലെ ശൗചാലയം ഉപയോഗിക്കേണ്ട രീതി വളരെ ശ്രദ്ധിക്കേണ്ടതാണ്. വാസ്തുശാസ്ത്രപ്രകാരമുളള കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ വസിയ്ക്കുന്ന മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിയ്ക്കാന്‍പോന്ന തെറ്റുകള്‍ പല വീടുകളിലും കാണാം. നിങ്ങളുടെ പ്രണയജീവിതത്തെ മനോഹരമാക്കാനും മറിച്ച് അനാവശ്യ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും വാസ്തുവില്‍ / വീട് - ല്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ക്ക് കഴിയും. ഊഷ്മളവും ഗുണകരവുമായ ഊര്‍ജ്ജപ്രഭാവം ശരിയായ വാസ്തു ക്രമീകരണത്തിലൂടെ സാദ്ധ്യമാകും. നിന്ദ്രാവിഹീനരാത്രികള്‍ സമ്മാനിക്കുന്ന കിടപ്പുമുറികള്‍, തെറ്റായ ജീവിതതാളം, സമാധാനക്കുറവ് എന്നിവ നല്‍കുന്ന അകത്തളങ്ങള്‍, അനാരോഗ്യം ദാനം ചെയ്യപ്പെടുന്ന അനുവദനീയമല്ലാത്ത ചുറ്റളവുകള്‍ ഉളള മുറികള്‍, ശരിയായ വായുസഞ്ചാരം, ശരിയായ പ്രകാശ വിധാനം എന്നിവ നല്‍കാത്ത ജനാലകള്‍, വാതിലുകള്‍, മുറിയിലെ ഊര്‍ജ്ജപ്രവാഹത്തിന് തടസമായ അലമാരകള്‍, ഈയ ബോര്‍ഡുകള്‍ എന്നിവ ഒരു വാസ്തു ശാസ്ത്ര വിദഗ്ധന്റെ സഹകരണത്തോടെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ജീവിതം പ്രണയഭരിതമാക്കാം. ദാമ്പത്യത്തിന്റെ മധു നുകരാം.  

ഭവനം ഐശ്വര്യപൂര്‍ണമാകാന്‍

ഒരു വ്യക്തി പാര്‍ക്കുന്ന വീടിന്  ആ വ്യക്തിയുടെ ആരോഗ്യവും സമ്പത്ത്, മനസ്സുഖം, ഭാഗ്യം, കുടുംബസുഖം എന്നിങ്ങനെ ജീവിതത്തിലെ എല്ലാ തലങ്ങളുമായും ബന്ധമുണ്ടായിരിക്കും എന്ന് ഭാരതീയ വാസ്തു ശാസ്ത്രം സിദ്ധാന്തിക്കുന്നു.  ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഉത്തമമായ ഭൂമി മതെരഞ്ഞെടുക്കുന്നതുമുതല്‍ ഗൃഹപ്രവേശം വരെയുള്ള സമസ്ത കാര്യങ്ങളും ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ഭാരതീയ വാസ്തുവിദ്യ നിയമങ്ങളുടെയും കണക്കുകളുടെയും ഒരു സമുച്ചയം മാത്രമല്ല ഒരു ദര്‍ശനം കൂടിയാണ്. സര്‍വ്വജീവജാലങ്ങള്‍ക്കും ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിത്യാദി സര്‍വ്വസ്വവും നല്‍കുന്ന ഭൂമിയെ ഭാരതീയര്‍ മാതാവായാണ് അഭിദര്‍ശിക്കുന്നത്. ആ ഭൂമിമാതാവും പ്രകൃതിയും ഗൃഹവും അതില്‍ വസിക്കുന്ന വ്യക്തികളും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പാരസ്പര്യം അഥവാ പരസ്പരമുള്ള പൊരുത്തം ഉണ്ടാക്കിയെടുക്കുക എന്നതാണ് പൊതുവെ വാസ്തു ശാസ്ത്രത്തിന്റെ ലക്ഷ്യം. സ്ഥാനനിര്‍ണയം, ദിങ്‌നിര്‍ണയം, ഖണ്ഡങ്ങള്‍, സൂത്രങ്ങള്‍, വീഥികള്‍, പദങ്ങള്‍, മര്‍മ്മങ്ങള്‍, യോനികള്‍, നക്ഷത്രങ്ങള്‍, ദശകള്‍, തിഥികള്‍,  ആഴ്ചകള്‍, ആയവ്യയങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണ് ഗാര്‍ഹിക വാസ്തുവിദ്യ. ഇവയെക്കുറിച്ചുള്ള പൂര്‍ണമായ വിവരണം ഉള്‍പ്പെടുത്തുക പ്രായോഗികമല്ല. ഗൃഹനിര്‍മാണത്തിന് ഉത്തമമായ ഭൂമി തെരഞ്ഞെടുക്കുന്നതുമുതല്‍ ഗൃഹപ്രവേശം വരെയുള്ള കര്‍മങ്ങള്‍ വാസ്തുശാസ്ത്രവിധിപ്രകാരം തന്നെ നടത്തുക എന്നത് ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയുരാരോഗ്യസൗഖ്യത്തോടെയും ജീവിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

വാസ്തുവും ജ്യോതിഷവും

വാസ്തുവും ജ്യോതിഷവും


വാസ്തുതത്ത്വങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച വീടുകളിലെ ദോഷങ്ങള്‍ക്ക് പരിഹാരം ആരായുന്നതിനും വാസ്തു തത്വങ്ങള്‍ അനുസരിച്ചുളള പുതിയ ഗൃഹനിര്‍മ്മാണത്തിന് നിര്‍ദ്ദേശങ്ങള്‍ തേടിയും, മുന്‍പ് നിര്‍മ്മിച്ചിരിക്കുന്ന ഗൃഹത്തോട് കൂടി മറ്റ് നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ വാസ്തു ദോഷം ഒഴിവാക്കി എടുക്കുന്നതിനുളള ഉപദേശം തേടുന്നതിനുമാണ് സാധാരണയായി ആളുകള്‍ എന്നെ സമീപിക്കാറുളളത്. സാമ്പത്തിക പ്രതിസന്ധി, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള കലഹം, രോഗാവസ്ഥ എന്നിവ ഉണ്ടാകുമ്പോള്‍ എന്റെ ഗൃഹത്തിന് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന ആധികൊണ്ട് വീട് നിര്‍മ്മിച്ചിരിക്കുന്നതിലെ പൊരുത്തകേടുകള്‍ പരിശോധിക്കുന്നതിന് അവര്‍ എന്നെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിക്കാറുണ്ട്. മുകളില്‍ പറഞ്ഞ ഏതു സാഹചര്യത്തിലാണെങ്കിലും വീടുകളില്‍ ചെല്ലുമ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവി ആണ്. 'ഞങ്ങള്‍ വേറെ ഒരാളെക്കൊണ്ട് നോക്കിപ്പിച്ചു. ആയതിന് പരിഹാരം ചെയ്തു. പക്ഷെ ഒരു മാറ്റവും കണ്ടില്ല'. അങ്ങനെ പറയുന്നവരോട് എനിക്ക് പറയുവാനുളള നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് വാസ്തുദോഷം കൊണ്ടാണോ? എന്ന് കൃത്യമായി മനസിലാക്കിയാവില്ല പരിഹാരം നിര്‍ദ്ദേശിച്ചത്. അപ്രകാരമാണ് സ്ഥപതി നിര്‍ദ്ദേശിച്ചത് എങ്കില്‍ കൂടി പറഞ്ഞ ദോഷ പരിഹാരങ്ങള്‍ കൃത്യമായി ഗൃഹനാഥന്‍ ചെയ്തിട്ടുണ്ടാവില്ല എല്ലാവരും മനസിലാക്കേണ്ട ഒരു വസ്തുത കൂടെയുണ്ട്. മനുഷ്യന്റെ ജീവിത ഗതിയെ നിയന്ത്രിക്കുന്നത് അവന്റെ വാസസ്ഥലം മാത്രമല്ല, ഗ്രഹനില കൂടെ കണക്കിലെടുത്താണ്, ജനിച്ച സമയം സ്ഫുടം ചെയ്ത് ലഭിക്കുന്ന ലഗ്നം, ലഗ്നത്തിന്റെ വിവിധഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവരാണ്. ഓരോ ഗ്രഹത്തിന്റെയും ഭാവം, ബലം, സ്ഥാനം, ഉച്ചനീചത്വങ്ങള്‍ എന്നിവ അനുസരിച്ച് ഒരുവന്റെ ജീവിതം മുന്‍പെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിധിയെ ചെറുക്കാനാവില്ല. എങ്കിലും പരിഹാരങ്ങള്‍ ചെയ്ത് ആഘാതത്തിന്റെ തീവ്രത കുറയ്ക്കാം. ഇപ്പോള്‍ മനസ്സിലാക്കാം ഒരു സ്ഥപതി ഒരു ജ്യോതിഷനും കൂടെ ആയിരിക്കണം. വീട് നിര്‍മ്മാണത്തിലെ പൊരുത്തക്കേടുകള്‍ നോക്കി കണ്ടെത്തി ദോഷപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ വസിക്കുന്നവരുടെ ഗ്രഹനില കൂടി പരിശോധിച്ച് ഗൃഹവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ജ്യോതിഷപരമാണോ എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. പൂര്‍വ്വജ•കര്‍മ്മവാസനാഫലം അനുഭവിക്കുന്നവരാണ് വാസ്തു സംബന്ധിയും, ജ്യോതിഷപരമായ പ്രതേ്യകതയുളള ജീവിതാനുഭവത്തിലൂടെ കടന്നുപോകുന്നത്. ആ പ്രതേ്യകതകള്‍ അനുകൂലമോ, പ്രതികൂലമോ ആകാം. പ്രതികൂലഫലമുളവാക്കുന്ന ദോഷങ്ങള്‍ ഉളളവരാണ് ഒരു സ്ഥപതിയെ സമീപിക്കാന്‍ ഇടയാക്കുന്നത്. വിദഗ്ധനായ ഒരു വാസ്തു പണ്ഡിതന് ജ്യോതിഷശാസ്ത്രം, വാസ്തുശാസ്ത്രം എന്നിവയെ സംയോജിപ്പിച്ച് ഉത്തമപരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കും. ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധനെ കണ്ടെത്തിയാല്‍ മാത്രമെ മുകളില്‍ പരാമര്‍ശിച്ച പ്രകാരമുളള ദോഷപരിഹാരനിര്‍ദ്ദേശം ലഭിക്കുകയുളളൂ. ജ്യോതിഷപരവും , വാസ്തു അനുബന്ധിയും ആയ ദോഷങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കുന്ന വാസ്തു വിദഗ്ധന് ദക്ഷിണയും യാത്രാചെലവും കൊടുത്ത് പറഞ്ഞുവിട്ടാല്‍ നിങ്ങളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരങ്ങള്‍ ഓരോന്നായി നടപ്പാക്കി ക്ഷമയോടെ വ്യതിയാനങ്ങള്‍ക്കായി കാത്തിരിക്കണം. ദോഷപരിഹാരം നിര്‍ദ്ദേശിച്ച സ്ഥപതിയെ വീണ്ടും ബന്ധപ്പെട്ട് തങ്ങള്‍ പരിഹാരം ചെയ്ത രീതി ശരിയാണോ, ആ പരിഹാരങ്ങള്‍ കൊണ്ട് അന്ന് ദൃശ്യമായ ദോഷങ്ങള്‍ പരിഹരിക്കപ്പെട്ടോ എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ശുഭപ്രതീക്ഷ നിലനിര്‍ത്തേണ്ടതാണ്. ചപലമായ മനസ്സിനല്ല പ്രതീക്ഷാനിര്‍ഭരമായ നിഷ്‌കളങ്ക മനസ്സിന്റെ ഉടമയ്ക്ക് മാത്രമെ തന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. മാനസികം 1.രോഗാവസ്ഥ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിയുടെ രോഗം മൂര്‍ച്ഛിക്കുകതന്നെ ചെയ്യും, മറിച്ച് തന്റെ രോഗം ഭേദമായ ശേഷമുളള കാര്യങ്ങള്‍ ചിന്തിച്ച് ശുഭപ്രതീക്ഷ കൈവിടാതെ മനസാന്നിദ്ധ്യം മുറുകെ പിടിക്കുന്ന രോഗി രോഗമുക്തി തേടി ആരോഗ്യവാനാകും. 2.സാമ്പത്തിക പ്രതിസന്ധികൊണ്ട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തി നിഷ്‌കളങ്കമായി ചിന്തിക്കേണ്ടത് താന്‍ ബാദ്ധ്യതകളില്‍ നിന്ന് മുക്തനായി ധനികനായി ജീവിക്കുന്ന അവസ്ഥയെക്കുറിച്ചാണ്. ആ ചിന്ത മാത്രം മതി ഒരുവന് ധനികനാക്കാനുളള സാഹചര്യങ്ങള്‍ വന്നുചേരുവാന്‍. ശാസ്ത്രം പഠിച്ച സ്ഥപതിക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ മാത്രമെ കഴിയൂ. ആ പരിഹാരങ്ങള്‍ ചെയ്ത് പ്രതീക്ഷാനിര്‍ഭരമായി ക്ഷമയോടും, നിഷ്‌കളങ്കതയോടും കര്‍മ്മം ചെയ്ത് ജീവിക്കുന്ന ഒരുവന് കാലം നല്ലതേ വരുത്തൂ.

തച്ചു ശാപം

ഒരു സ്ഥപതി ആരാണ് എന്ന് കഴിഞ്ഞ പല ലേഖനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഒരു ചിന്ത മനസിലുണ്ടാകുമ്പോഴെ ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ (സ്ഥപതിയെ) സമീപിയ്ക്കുകയാണ് വേണ്ടത്. ജ്യോതിഷശാസ്ത്രം കൂടി കൈകാര്യം ചെയ്യുന്ന ഒരു സ്ഥപതിക്ക് നിങ്ങള്‍ സ്ഥലം വാങ്ങുന്നതിന് സമയമായോ, നിലവിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള സമയമായോ എന്ന് ആദ്യമേ ചിന്തിച്ച് പറയാനാകും. ഗൃഹനിര്‍മ്മാണത്തിന് പറ്റിയസമയം ആണ് എന്ന് മനസിലാക്കി കഴിഞ്ഞാല്‍ ഗൃഹനിര്‍മ്മാണത്തിന് പറ്റിയ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഭൂമിയുടെ സവിശേഷതകള്‍ കണ്ടറിഞ്ഞ് സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനും, സ്ഥാന നിര്‍ണ്ണയം നടത്തിയ ഭാഗത്ത് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ചുറ്റളവുകളോടെ, മുറികളുടെ സ്ഥാനം നിര്‍ണ്ണയിച്ച് വീടിന്റെ രൂപരേഖ തയ്യാറാക്കുന്നതിനും സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തയ്യാറാക്കിയ രൂപരേഖപ്രകാരം ഭൂമിയില്‍ കുറ്റിയടിച്ച്, ആദ്യശിലസ്ഥാപിച്ച് വീട്പണിയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍, ചുരുക്കിപറഞ്ഞാല്‍ വീട് നിര്‍മ്മാണം ഒരു ചിന്തയായി മനസില്‍ വരുമ്പോള്‍ മുതല്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി വീട്ടില്‍ ഗൃഹപ്രവേശനകര്‍മ്മം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മാത്രമാണ് ഒരു സ്ഥപതിയുടെ കര്‍മ്മം പൂര്‍ത്തിയാവുക. ഇപ്പോള്‍ പതിവായികണ്ടുവരുന്ന ശീലം താഴെ പറയും പ്രകാരമാണ്. ഏതെങ്കിലും എഞ്ചിനീയറിനെകൊണ്ടു വരപ്പിച്ച വീടിന്റെ രൂപരേഖ ഒരു വാസ്തു കണ്‍സള്‍ട്ടണ്ടിനെക്കൊണ്ട് കൃത്യമാക്കിയെടുത്ത് വീട് പണി തുടങ്ങുന്നു. സ്ഥപതി നിര്‍ദ്ദേശിച്ച ചുറ്റളവുകളിലും, മുറികളുടെ സ്ഥാനത്തിലും എല്ലാം നിര്‍മ്മാണഘട്ടത്തില്‍ മനപൂര്‍വ്വമോ അറിയാതെയോ മാറ്റം വരുത്തുന്നു. ആ മാറ്റങ്ങള്‍ ദോഷഫലങ്ങള്‍ നല്‍കും. ഫലത്തില്‍ ഒരു വാസ്തു കണ്‍സള്‍ട്ടന്റ് (സ്ഥപതി)യുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു എങ്കില്‍ ആയത് വീടുപണിയുടെ ആദ്യഘട്ടംമുതല്‍ അന്തിമ ഘട്ടം വരെയായിരിക്കണം. ചില സാഹചര്യങ്ങളില്‍ സ്ഥപതി, സൂത്രഗ്രാഹി എന്നിവരുമായി വീട്ടുടമസ്ഥന്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ പെരുമാറുകയും, വീണ്ടും പുതിയ ആളുകളെ കണ്ടെത്തി വീടു നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതും കണ്ടു വരുന്നു. സ്ഥപതി, സൂത്രഗ്രാഹി എന്നിവരുടെ അസംതൃപ്തി തങ്ങളുടെ വീടിനെ ദോഷകരമായി ബാധിക്കുമെന്ന് വീട്ടുടമസ്ഥന്‍ മനസ്സിലാക്കുന്നില്ല. നാട്ടുനടപ്പനുസരിച്ച് സ്ഥപതിക്കും, സൂര്യഗ്രാഹിക്കും, മറ്റ് മേസതരിമാര്‍ എന്നിവര്‍ക്കും ദക്ഷിണ, വസ്ത്രങ്ങള്‍, എന്നിവ നല്‍കി മനസന്തോഷം വരുത്തേണ്ടതും വീട്ടുടമസ്ഥന്റെ കടമയാണ്. മുകളില്‍ പരാമര്‍ശിച്ച കാരണങ്ങള്‍ ഏത് കൊണ്ടും വീടിന് ഏല്‍ക്കുന്ന ശാപത്തെ തച്ച് ശാപം എന്നു പറയുന്നു. തച്ച് ശാപം കൂടാതെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഗൃഹവാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. തച്ചുശാപം ഏറ്റ് ദോഷം സംഭവിച്ചുള്ള വീടുകളില്‍ പരിഹാരം ചെയ്ത് തച്ച് ശാപം മാറ്റിയെടുക്കുന്നതിനും ഒരു അനുഗ്രഹീത സ്ഥപതി (വാസ്തു കണ്‍സള്‍ട്ടന്റിന്)യ്ക്ക് കഴിയും ദോഷരഹിതമായ ഒരു സുന്ദരഭവനമാകട്ടെ നിങ്ങളുടെ സ്വപ്നം എന്ന് ആശംസിക്കുന്നു. 

വീടിന് സമീപത്തുളള വഴി, നദി

വീടിന് സമീപത്തുളള വഴി, നദി


വീട് നിര്‍മ്മിക്കുവാന്‍ ഉത്തമ ഭൂമി തേടുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ് വീട്ടിലേയ്ക്കുളള വഴി. കാല്‍നട യാത്രയ്ക്കും, വാഹനങ്ങളില്‍ ചരക്ക് കടത്തുന്നതിനും വഴി ആവശ്യമാണ്. വ്യാപരസ്ഥാപനമാണെങ്കില്‍ അതിലേയ്ക്കുളള വഴി, വഴിയുടെ വീതി എന്നിവ പ്രാധാന്യമേറിയ ഒന്നാണ്. വീട്/വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലേയ്ക്കുളള വഴി മാത്രമല്ല, അവയ്ക്കു ചുറ്റുമുളള വഴികളും അതില്‍ ജീവിക്കുന്നവരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നു. വാഹനങ്ങളിലോ, വളളം, ബോട്ട് എന്നിവയിലോ സഞ്ചരിക്കുന്നതിന് ഗതാഗതം എന്നു പറയുന്നു. ഗതാഗതം സാധാരണ നിലയില്‍ കര, ജല മാര്‍ഗ്ഗങ്ങളിലൂടെ ആകാം. ഇത്തരം ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡുകള്‍, നദികള്‍ എന്നിവയ്ക്ക് സമീപമുളള പുരയിടത്തില്‍ വസിച്ചാലുളള ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് വായിച്ച് മനസ്സിലാക്കാവുന്ന രീതിയില്‍ പറയാം. സ്ഥലത്തിന്റെ നാലുവശത്തും വഴിയുളളത് വളരെ നല്ലതാണ്. ഇത്തരം സ്ഥലത്ത് വീട് വയ്ക്കുന്നവരുടെ ആരോഗ്യവും, സമ്പത്തും വര്‍ദ്ധിക്കും. ഇങ്ങനെയുളള സ്ഥലത്തെ ബ്രഹ്മസ്ഥലം എന്നു പറയുന്നു. വടക്ക് കിഴക്ക് ഖണ്ഡം : വടക്ക് ദിക്കിലും, കിഴക്കു ദിക്കിലും വഴിയുളള സ്ഥലത്തിന് വടക്കുകിഴക്കേ ഖണ്ഡം എന്നു പറയുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് സമ്പത്ത്, ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നു. തെക്ക് പടിഞ്ഞാറെ ഖണ്ഡം: തെക്ക് വശത്തും, പടിഞ്ഞാറ് വശത്തും റോഡുകളുണ്ടെങ്കില്‍ ആ സ്ഥലത്തിനെ തെക്കുപടിഞ്ഞാറെ ഖണ്ഡം എന്ന് പറയുന്നു. ഈ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അധികാരം ഉണ്ടായിരിക്കും, ഓരോ നിമിഷവും ശുഭകരമായ കാര്യങ്ങള്‍ സാധിക്കും. മുകളില്‍ പരാമര്‍ശിച്ച ഖണ്ഡങ്ങളില്‍ വീട് വച്ച് താമസിക്കുന്നത് വളരെ ഉത്തമമാണ്. വടക്കുകിഴക്ക് ദിക്കില്‍ വഴിയുളളതും, വഴിയുടെ വടക്കുകിഴക്കുഭാഗം വടക്കോട്ടോ, കിഴക്കോട്ടോ നീണ്ടുപോകുന്നതും അത് സ്ഥലനിരപ്പിനെക്കാള്‍ താഴ്ന്ന് തെക്ക് പടിഞ്ഞാറ് മൂല പൊങ്ങിയുളള സ്ഥലം ജീവിതവിജയത്തിന് പുത്തന്‍ അവസരങ്ങള്‍ ഉണ്ടാക്കിതരുന്നു. ഇങ്ങനെയുളള സ്ഥലം ഗൃഹനാഥന് അഭിവൃദ്ധിയും, പേരും പെരുമയും ഉണ്ടാക്കുന്നു. വടക്കുപടിഞ്ഞാറ് ഭാഗത്ത് റോഡുകള്‍ ഉണ്ടാവുകയും, വടക്കുപടിഞ്ഞാറെ മൂല വീണ്ടും വടക്കോട്ടോ, പടിഞ്ഞാറാട്ടോ നീണ്ടുപോവുകയും വഴിയുടെ പടിഞ്ഞാറ് ഭാഗവും തെക്ക് പടിഞ്ഞാറ് മൂലയും വടക്കുകിഴക്ക് മൂലയെക്കാള്‍ ഉയര്‍ന്നിരിക്കുകയും ചെയ്താല്‍ സമ്പത്ത് വര്‍ദ്ധന ഉണ്ടാകുന്നതാണ്. പക്ഷേ അനാവശ്യകാര്യങ്ങളുടെ പേരില്‍ ധനം കെട്ടിക്കിടക്കാന്‍ ഇടയുണ്ട്. കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ വഴികളുളള സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടാകും. ഇത്തരം വീടുകളിലെ സ്ത്രീകള്‍ നടത്തുന്ന ബിസിനസുകളും, ധനമിടപാടുകളും വിജയത്തിലേയ്ക്ക് നീങ്ങുന്നതായി കണ്ടുവരുന്നു. കിഴക്കും, പടിഞ്ഞാറും വഴികളുളള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. മോശമായ അവസ്ഥകളും, വിഷമങ്ങളും അധികകാലം നീണ്ടുനില്‍ക്കില്ല. വടക്ക്, പടിഞ്ഞാറ്, തെക്ക് വഴികളുളള സ്ഥലം സന്തോഷം, അഭിവൃദ്ധി എന്നിവ തരുന്നു. തെക്കും, പടിഞ്ഞാറും ഭാഗങ്ങളില്‍ വഴികള്‍ ഉളള സ്ഥലത്ത് താമസിക്കുന്നവര്‍ പെട്ടെന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും എന്നാല്‍ തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്ക് ചരിവുണ്ട് എങ്കില്‍ 20 വര്‍ഷത്തിനു ശേഷം സ്തംഭനം ഉണ്ടാകുന്നതാണ്. തെക്കും, കിഴക്കും വഴിയുളള സ്ഥലത്ത് താമസിക്കുന്നവര്‍ സന്തോഷവാന്മാരായിരിക്കും. ഇവര്‍ ധാരാളം പണം ആര്‍ഭാടത്തിനും, വിനോദത്തിനും വിനിയോഗിക്കുന്നു. കിഴക്കുവശത്ത് മാത്രം വഴിയുളളത് വളരെ ശുഭമാണ്. അഭിവൃദ്ധിദായകമാണ്. പടിഞ്ഞാറ് വശത്ത് വഴിയുളളത് കച്ചവടത്തിന് ഗുണകരമാണെങ്കിലും ഒരു സമയം കഴിഞ്ഞാല്‍ അധോഗതി വരുത്തുന്നതായി കാണുന്നു. വടക്കുഭാഗത്ത് മാത്രം വഴിയുളളത് അഭിവൃദ്ധി ഉണ്ടാക്കുന്നു. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. തെക്ക് ഭാഗത്തും, വടക്കുഭാഗത്തും വഴിയുളള സ്ഥലം സമൃദ്ധി നല്‍കുന്നു. പക്ഷേ ശ്രതുത, അസൂയ, ചെറിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. മുകളില്‍ പറഞ്ഞ വഴികളെല്ലാം കെട്ടിടത്തിന് സമാന്തരമാണെങ്കില്‍ മാത്രമെ മേല്‍പ്പറഞ്ഞ ഫലങ്ങള്‍ നല്‍കുകയുളളൂ. വളവുകളുളള വഴികള്‍ ആവശ്യമില്ലാത്ത പ്രയാസങ്ങള്‍ക്ക് കാരണമാകും. കിഴക്കുദിക്കില്‍ വൃത്താകൃതിയിലുളളതും, തെക്കുദിക്കിലേക്ക് നീണ്ടുപോകുന്നതുമായ വഴികള്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുന്നു. ഇവിടെ കുടുംബകലഹം നിത്യസംഭവമായി കാണുന്നു. വടക്കുദിക്കില്‍ തുടങ്ങി പടിഞ്ഞാറിലേക്ക് നീളുന്ന വൃത്താകൃതിയിലുളള വഴികള്‍ ആവശ്യമില്ലാത്ത ശത്രുത ക്ഷണിച്ചുവരുത്തുന്നു. ഇപ്രകാരം വഴികളുളള ഭൂമി വാങ്ങുന്നത് ഉത്തമമല്ല. പുരയിടത്തിന്റെ/വീടിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ വഴി/നദി ആകാം, എവിടെയൊക്കെ പാടില്ല എന്ന് ലളിതമായി മുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. ചിത്രങ്ങള്‍ കൂടി ഉള്‍ക്കൊളളിക്കുവാനുളള സ്ഥലപരിമിതിയാലാണ് ചിത്രങ്ങള്‍ ഒഴിവാക്കിയത്. ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്, പല സ്ഥലങ്ങളില്‍ കണ്‍സള്‍ട്ടിങ്ങിനുളള പോയുളള അനുഭവപരിജ്ഞാനത്താലുമാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. എന്തായാലും വീട് വയ്ക്കുവാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുംമുന്‍പേ ഒരു വാസ്തു കണ്‍സണ്‍ട്ടന്റിനെ സ്ഥലം കാണിച്ച് അഭിപ്രായം തേടുന്നത് തന്നെയാണ് നല്ലത്. ഭീമമായ തുക മുടക്കി അസ്വാരസ്യങ്ങള്‍/ ബുദ്ധിമുട്ടുകള്‍ വിലയ്ക്ക് വാങ്ങാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് പ്രത്യേകംഓര്‍മ്മിപ്പിച്ചുകൊള്ളട്ടേ.