Sunday, 6 September 2015

ഗ്രാമവിശുദ്ധിയുടെ മായാമുദ്രകൾ

ഗ്രാമവിശുദ്ധിയുടെ മായാമുദ്രകൾ 


വീടിന്റെ കാഴ്ച മറയ്ക്കുന്ന ഉയരമുള്ള മതിലുകൾ ഇന്ന്  'ഔട്ട് ഓഫ് ഫാഷനാണ്.' എന്റെ സുന്ദരമായ വീട് നാലുപേർ കണ്ട് അസൂയപ്പെടട്ടെ എന്ന മനോഭാവമാണ് പലർക്കും. നല്ലതുതന്നെ. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി ഒന്നാന്തരം വീടു പണിതിട്ട്  കോട്ടപോലെ മതിൽകെട്ടി അത് മറ്റുള്ളവരുടെ കണ്ണിൽ നിന്ന്  മറച്ചുവയ്‌ക്കേണ്ട കാര്യമുണ്ടോ? അതു കൊണ്ടുതന്നെ ഉയരം കുറഞ്ഞ മതിലുകൾക്ക് പ്രിയമേറുകയാണ്. പുരയിടത്തെ അടുത്ത വസ്തുവിൽ നിന്ന് വേർതിരിക്കുന്നത് ചുറ്റുമതിൽ. ചുറ്റുമതിൽ കൂടാതെ കിടങ്ങുകൾ നിർമ്മിച്ചും വേലികെട്ടിയും ഇങ്ങനെ പുരയിടങ്ങൾ വേർതിരിക്കാറുണ്ട്.

വാസ്തുശാസ്ത്രമനുസരിച്ച്  മണ്ണുകൊണ്ടോ കല്ലു കൊണ്ടോ വീടിന് ചുറ്റുമതിൽ കെട്ടുന്നതിൽ ദോഷമില്ല. മരച്ചില്ല ഉപയോഗിച്ച്  വീടിനുചുറ്റും വേലികെട്ടുന്നത് അധമമാണ്. മുള്ളുള്ള മരങ്ങളുടെ കൊമ്പുകളും വള്ളിയും മുളയും വേലികെട്ടാൻ ഉപയോഗിക്കാം. സിമന്റും കല്ലും ഉപയോഗിച്ച് ചുറ്റുമതിൽ പണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മതിലുകൾ കൊണ്ട് അതിർത്തി വേർതിരിക്കപ്പെടുമ്പോൾ മാത്രമേ വസ്തുവിന് സ്വതന്ത്രമായ ഒരു നിലനിൽപ്പ് ഉണ്ടാകുന്നുള്ളൂ. വീടിനു നാലുചുറ്റും കെട്ടുന്ന മതിലുകൾ ഒരു പ്രത്യേക ശക്തി മണ്ഡലം തന്നെ സൃഷ്ടിക്കും. ആ മണ്ഡലത്തെ  മതിൽക്കെട്ടിനകത്ത്  നിലനിറുത്തുക  മാത്രമല്ല, പുറത്തുള്ള ശക്തികൾ അകത്ത് പ്രവേശിക്കാതെ തടയുകയും ചെയ്യും.
വീടിനെ പൂർണമായും മ റയ്ക്കും വിധം മതിൽ കെട്ടിയില്ലെങ്കിലും മതിലിന് ഒരടിയെങ്കിലും പൊക്കമുണ്ടാവണമെന്ന് വാസ്തു ശാസ്ത്രം പറയുന്നുണ്ട്. ചുറ്റുമതിൽ കെട്ടിയിട്ടേ വീടുപണി തൂടങ്ങാവൂ എന്ന് നിർബന്ധമുള്ളവരുണ്ട്. അത് നല്ലതാണ്. മതിൽ പണിയുമ്പോൾ നിലവിലുള്ള സർക്കാർ നിയമങ്ങൾ (റോഡിൽ നിന്ന് പാലിക്കേണ്ട ദൂരം തുടങ്ങിയവ) അനുസരിക്കാൻ ശ്രദ്ധിക്കണം. ചുറ്റുമതിൽ പണിയുമ്പോൾ അതിന് വാസ്തുവിന്റെ  നാലുദിക്കുകളുമായി വ്യക്തമായ ബന്ധമുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കോമ്പസ് ഉപയോഗിച്ച് ദിക്കുകൾ നിശ്ചയിക്കാം. എന്നിട്ട് വടക്കുകിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്കു കിഴക്ക്, തെക്കുപടിഞ്ഞാറ് എന്ന ക്രമത്തിൽ കുറ്റിയടിക്കുക. കുറ്റികളെ ചരടുകൊണ്ട് ബന്ധിക്കുക. അപ്പോൾ ചതുരത്തിൽ വീടിന് ചുറ്റുമായി ഒരു ശക്തി മണ്ഡലം കിട്ടും. ചുറ്റുമതിലിനും കെട്ടിടത്തിനും തമ്മിൽഒരു ബന്ധവും അരുത്.
വീടിനും ചുറ്റുമതിലിനുമിടയിൽ ഒരു വീഥിയുടെ അകലം എപ്പോഴും ഉണ്ടായിരിക്കണം. ചുറ്റുമതിലുമായി  ചേർന്ന് കാർ പോർച്ച്, തൊഴുത്ത്, ഔട്ട് ഹൗസ്,തുടങ്ങിയവ പണിയരുത്. കാർപോർച്ച്  പണിയാൻ വീടിന്റെ വടക്കു പടിഞ്ഞാറോ തെക്കുകിഴക്കോ ഭാഗമാണ്  ഉത്തമം.

മതിലുകൾ പണിയുമ്പോൾ വാസ്തുശാസ്ത്രപരമായ മറ്റു ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കണം. അതനുസരിച്ച് ചുറ്റുമതിലിന്റെ തെക്കും പടിഞ്ഞാറുമുള്ള ചുവരുകൾ വടക്കും കിഴക്കും ഉള്ളതിനേക്കാൾ ഉയരമുള്ളതും വണ്ണമുള്ളതുമായിരിക്കണം. വസ്തുവിന്റെ  ഭദ്രതയ്ക്കും സുരക്ഷയ്ക്കും ദോഷമില്ലെങ്കിൽ വ ടക്കും കിഴക്കും ഭാഗത്തുതന്നെ ഉയരം കുറഞ്ഞ ചുവരുകൾ കെട്ടുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ കരിങ്കൽ ഭിത്തിയും വടക്ക് കിഴക്ക് ഭാഗങ്ങളിൽ ചെങ്കല്ല് കൊണ്ടുള്ള ഭിത്തിയുമാണ് നല്ലത്. ചുറ്റുമതിലിൽ നിന്ന്  വീട് എപ്പോഴും സ്വതന്ത്രമായിരിക്കണം. അതായത് ച ുറ്റുമതിൽ ഒരിക്കലും വീടിന്റെ ചുവരായി വരരുത്. വസ്തുവിന്റെ നീളത്തിന്റെയോ വീതിയുടെയോ ഒമ്പതിൽ ഒരു ഭാഗം വീടിനും ചുറ്റുമതിലിനുമിടയിൽ  പിശാചവീഥി ഒഴിച്ചിടാൻ ശ്രദ്ധിക്കണം.
വീടിന്റെ കാര്യത്തിലെന്ന പോലെ മതിലിന്റെ കാര്യത്തിലും ഗേറ്റിന്റെ കാര്യത്തിലും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട്  മൺമതിലുകളായിരുന്നു അധികവും. മണ്ണു കുഴച്ച്  മതിൽ പണിയുകയും മഴയത്ത്   ഒലിച്ചിറങ്ങാതിരിക്കാൻ ഓല കൊണ്ട് ചെറിയൊരു മേലാപ്പു വയ്ക്കുകയുമാണ് ചെയ്തിരുന്നത്. ഈ മൺകയ്യാലകൾ കൂടാതെ 'ഓലവേലി'കെട്ടിയും ചെടി വളർത്തിയും അതിരുകൾ തിരിച്ചിരുന്ന കാലമായിരുന്നു അത്. അരമതിലിന്റെ അപ്പുറമിപ്പുറം നിന്ന് നാട്ടുകാര്യവും വീട്ടുകാര്യവും പറഞ്ഞു രസിക്കുന്ന വീട്ടമ്മമാരും വേലിക്കലെ പേരറിയാപ്പൂക്കളെ  സാക്ഷിനിറുത്തി പ്രണയം കൈമാറുന്ന കുമാരീകുമാരന്മാരുമൊക്കെ നമ്മുടെ ഗ്രാമക്കാഴ്ചകളായിരുന്നു. കാലം മാറിയതോടെ ഈ കാഴ്ചകൾക്കും മാറ്റം വന്നു. വെട്ടുകല്ലും ചുടുകല്ലും സിമന്റും രംഗത്തെത്തിയതോടെ മതിലുകൾ 'മാനം മുട്ടെ'വളർന്നു...വീടുകൾ തടവറകളായി! അവിടെയിരുന്ന്  വീട്ടമ്മമാർ അയൽവീട്ടുകാരുമായി 
ഫോണിൽ സംസാരിച്ചു.
അടുത്തടുത്ത വീട്ടിലെ കമിതാക്കൾ മൊബൈലിലൂടെയും ഇന്റർനെറ്റിലൂടെയും ഹൃദയം കൈമാറി.എന്നിട്ടും കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നും ഗ്രാമവിശുദ്ധിയുടെഅപൂർവമുദ്രകളായി നിൽക്കുന്ന കയ്യാലകൾ കാണുന്നുണ്ട്. വെട്ടുകല്ലുകൊണ്ടു തീർത്ത കുടത്തിന്റെ ആകൃതിയിലുള്ള (ഘടോദരം) മതിലുകൾ നമ്മുടെ വാസ്തുശാസ്ത്രപാരമ്പര്യത്തെ വിളിച്ചറിയിക്കുന്നവയാണ്. ഇഴജന്തുക്കൾക്ക് എളുപ്പം കയറാൻ കഴിയില്ല എന്നതാ
ണ് ഈ ആകൃതിയുടെ പ്രത്യേകത. വാസ്തുശാസ്ത്രപ്രകാരം മാതൃകാപരമാണിത്. വീടിന് നൽകുന്ന അതേ ശ്രദ്ധയും താത്പര്യവും ഇപ്പോൾ  മിക്കവരും മതിലിനും ഗേറ്റിനും കൂടി നൽകുന്നുണ്ട്. ആർക്കിടെക്ടിനെക്കൊണ്ട്  മതിലും ഗേറ്റും ഡിസൈൻ ചെയ്യിക്കുന്നവരും കുറവല്ല. സിമന്റു കൊണ്ടുള്ള മതിലും ഇരുമ്പുഗേറ്റും എന്ന സാധാരണരീതിയിൽ നിന്ന് പുതുമയുള്ള പല പരീക്ഷണങ്ങൾക്കും ഇത് ഇടയാക്കിയിട്ടുണ്ട്. കരിങ്കല്ലുകൊണ്ടും ഇഷ്ടികകൊണ്ടും മതിലുകളിൽ പുതിയ ഫാഷൻ വരുത്താം.

No comments:

Post a Comment