Sunday, 6 September 2015

അവസാനവട്ട ഒരുക്കങ്ങൾ

അവസാനവട്ട ഒരുക്കങ്ങൾ 




സോളാർ വാട്ടർ ഹീറ്റർ ഇന്ന് ഗൃഹനിർമ്മാണത്തിൽ വളരെ പ്രചാരത്തിലായിരിക്കയാണ്. ഒരു വീട്ടിൽ മൂന്നോ നാലോ ബാത്ത് റൂം ഉണ്ടെങ്കിൽ സോളാർ വാട്ടർ ഹീറ്റർ വളരെ ലാഭകരമാണ്. അനുദിനം വൈദ്യുതി നിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രയോജനം ഏറെ നല്ലതാണ്. എന്നാൽ വാട്ടർ ഹീറ്റർ പലപ്പോഴും സ്ഥാപിക്കുന്നതിനെപ്പറ്റി വീടുപണിയുടെ അവസാനഘട്ടത്തിലാണ് മിക്കവരും ചിന്തിക്കുന്നത്. അതുമൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. അത് ഒഴിവാക്കാനായി വീടുപണി തുടങ്ങുമ്പോൾ തന്നെ ഇക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ആദ്യമായി സോളാർ വാട്ടർ ഹീറ്റർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചരിഞ്ഞ മേൽക്കൂരയും മറ്റും നിർമ്മിക്കുമ്പോൾ ഇവ ഫിറ്റ് ചെയ്യുന്നതിന് സൗകര്യം മുൻകൂർ കണ്ടുവയ്ക്കണം. ഓവർ ഹെഡ് വാട്ടർ ടാങ്കറിന്റെ തറനിരപ്പിൽ നിന്നും ഒരു മീറ്ററെങ്കിലും താഴെയായിരിക്കണം സോളാറിന്റെ വാട്ടർ ഹീറ്ററിന്റെ സ്റ്റോറേജ് ടാങ്ക് വരേണ്ടത്.ഇനി അതിന് കഴിയാത്ത സാഹചര്യത്തിൽ ഉദാഹരണമായി സിമന്റ് ടാങ്ക് ആണ് പണിയുന്നതെങ്കിൽ ഒരു കാര്യം ചെയ്താൽ മതി 250 ലിറ്ററിന്റെ ഒരു ടാങ്ക് വാങ്ങി ഒരു ഇരുമ്പ്  സ്റ്റാന്റിൽ നിർത്തിയാൽ മതി. അപ്പോൾ മോട്ടോറിൽ നിന്നുള്ള കണക്ഷൻ ഇതിൽ നൽകാം. അത് നിറഞ്ഞശേഷം താഴെയുള്ള സിമന്റ് ടാങ്കിലേക്ക് വെള്ളം വരുന്ന രീതിയിൽ തയ്യാറാക്കുക. കൂടുതൽ സൂര്യപ്രകാശം പാനലിൽ പതിക്കുന്ന രീതിയിൽ (തെക്കോട്ട് ദർശനമായി) വയ്ക്കുക. അതുപോലെ മരത്തിന്റെയോ മറ്റ് നിഴലുകളോ പതിക്കില്ലെന്ന് ഉറപ്പ് വരുത്തുക.

ഇതിന്റെപ്ലംബിംഗ് വർക്കും ശ്രദ്ധയോടെ വേണം ചെയ്യുവാൻ. സ്റ്റോറേജ് ടാങ്കിന്റെ ഇൻ ലെറ്റിൽ ഒരു നോൺ റിട്ടേൺ വാൽവ് ഘടിപ്പിക്കുന്നത് ചൂടുവെള്ളം തിരിച്ചൊഴുകുന്നത് തടയാൻ സഹായിക്കും. അതുപോലെ ഔട്ട് ലെറ്റ് സൈഡിൽ ഓവർ ഹെഡ് ടാങ്കിനെക്കാൾ ഒരടിയെങ്കിലും ഉയർന്ന് നിൽക്കുന്ന ഒരു എയർവെന്റ് പൈപ്പ് കൊടുക്കണം. ടാങ്കിലെ മർദ്ദക്രമീകരണത്തോടൊപ്പെ ചൂടുവെള്ളം തടസ്സം കൂടാതെ ടാപ്പുകളിലേക്ക് പോകുന്നതിന് ഇത് സഹായിക്കും. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇൻ ലെറ്റ് പൈപ്പിൽ ടാങ്കിനോട് ചേർന്ന് വരുന്ന ഭാഗം ഒരു മീറ്ററെങ്കിൽ ചൂട് നഷ്ടപ്പെടാത്ത പൈപ്പ് കൊടുക്കാൻ ശ്രദ്ധിക്കണം.

സോളാർവാട്ടർ ഹീറ്റർ ഫിറ്റ് ചെയ്യുമ്പോൾ പൈപ്പിംഗിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം വീടുപണിയുമ്പോൾ തന്നെ വാട്ടർ ഹീറ്റർ വേണമെന്ന് തീരുമാനിച്ചാൽ പൈപ്പിംഗ് കൂടുതൽ എളുപ്പമാണ്. (PVC, PPR, കോപ്പർ പൈപ്പുകൾ ഇവയാണ് ചൂടുവെള്ളം വഹിക്കാൻ സാധാരണയായി ഉപയോഗിക്കാറുള്ളത്.ഏത് പൈപ്പ് ഉപയോഗിച്ചാലും ടാങ്കും ടാപ്പും തമ്മിൽ കുറച്ച് ദൂരെ വരുന്ന രീതിയാണ് ഏറെ നല്ലത്. 100 LPD സിസ്റ്റത്തിൽ പരമാവധി രണ്ടോ മൂന്നോ ടാപ്പുകൾ ഘടിപ്പിക്കാം. പൈപ്പിനുള്ളിൽ ചൂട് നഷ്ടമാകാതിരിക്കാൻ ഇൻസുലേഷൻ മെറ്റീരിയൽ കൊണ്ട് പൊതിയുന്ന പതിവുണ്ട്. ഭിത്തിയ്ക്കുള്ളിലൂടെ പോകുന്ന പൈപ്പിൽ ഇത് അത്രകണ്ട് പ്രായോഗികമല്ലെങ്കിലും പുറത്തോട്ട് പോകുന്ന പൈപ്പിൽ ആകാം. സിസ്റ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പരമാവധി പത്ത് മീറ്ററിൽ കൂടുതൽ പൈപ്പിന്റെ നീളം കൂട്ടരുത്. പഴയ വീടുകളിൽ സിസ്റ്റം സ്ഥാപിക്കുമ്പോൾ കുളിമുറിയിലും മറ്റു ഗീസറുകളിലും  നൽകിയിരിക്കുന്ന ഔട്ട് ലെറ്റ് പൈപ്പിലേക്ക് സോളാറിൽ നിന്നുല്‌ള കണക്ഷൻ നൽകിയാൽ മതി. അതുപോലെ മഴക്കാലത്ത് സോളാർ വാട്ടർ ഹീറ്റർ ഇലക്ട്രോണിക് ബാക്ക് അപ്പ് കൊടുത്ത് പ്രവർത്തിപ്പിക്കാവുന്നതാണ്.

കൃത്യമായ മെയിന്റനൻസ്  വേണ്ട എന്നതാണ് സോളാർ വാട്ടർ ഹീറ്ററിന്റെ മേന്മകളിൽ പ്രധാനം. എന്നാൽ രണ്ട് വർഷത്തിൽ ഒരിക്കൽ ടാങ്ക് ക്ലീൻ ചെയ്യുന്നത് ടെക്‌നീഷ്യന്റെ സഹായത്താൽ വേണം. അതുപോലെ ഇവാക്യുവേറ്റഡ് ട്യൂബുകളും കൺവെൻഷൻ സിസ്റ്റവും ആണെങ്കിൽ കതകിനു പുറത്തെ ഗ്ലാസ് പാളികളിലും പിടിച്ചിരിക്കുന്ന പൊടി ഇടക്കിടെ നനഞ്ഞ തുണി കൊണ്ട് കഴുകുന്നത് നല്ലതാണ്.

സോളാർ വാട്ടർഹീറ്ററുകൾ സാധാരണയായി രണ്ടു മോഡലുകളിലാണ് കാണുന്നത്. ഒന്ന് കൺവെൻഷൻ കോപ്പർ ട്യൂബ് സിസ്റ്റവും അടുത്തത് ഇവാക്വം വേറ്റഡ് ട്യൂബ് കളക്ടർ സിസ്റ്റവുമാണ്. ഇവയ്ക്ക് രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ഇന്ന് കൂടുതലും ഇ.ടി.സി സോളാർ വാട്ടർ ഹീറ്ററുകളാണ്. കൺവെൻഷൻ രീതിയിൽ കോപ്പർ ട്യൂബുകളുടെ സഹായത്താലാണ് വെള്ളം ചൂടാക്കുന്നത്. അതിനായി പ്രത്യേകം തയ്യാറാക്കുന്ന പാനലിൽ വ്യാസം കുറഞ്ഞ കോപ്പർ ട്യൂബുകൾ പിടിപ്പിക്കുന്നു. അതിലൂടെ വെള്ളം കടത്തിവിടുന്നു. എന്നാൽ ഇ.ടി.സി സിസ്റ്റം വളരെ ലളിതമാണ്. ഈ മോഡലിൽ സ്റ്റോറേജ് ടാങ്കിനോട് ചേർന്ന് പിടിപ്പിച്ചിരിക്കുന്ന വരിവരിയായി ഘടിപ്പിച്ചിരിക്കുന്ന ബോറോസിലിക്കേറ്റ് പൂശിയ ഇവാക്യുവേറ്റഡ് ട്യൂബാണ്. ടാങ്കിന്റെ അടിഭാഗത്ത് നിന്നും താഴോട്ട് ചരിഞ്ഞ് വരുന്ന ഈ ട്യൂബുകൾക്ക് ഇരട്ട പ്രതലമാണ് ഉള്ളത്. ഇവാക്യുവേറ്റഡ് ചെയ്ത ഈ ഗ്ലാസ് പാളികളിലൂടെ സൂര്യതാപം കടക്കുമ്പോൾ അത്  അകത്ത് നിറഞ്ഞ ജലത്തെ ചൂടാക്കുന്നു.

No comments:

Post a Comment