Sunday, 6 September 2015

ക്ഷേമശ്വൈര്യങ്ങൾക്ക്

ക്ഷേമശ്വൈര്യങ്ങൾക്ക് 



'ഞാൻ വീടുപണിതിട്ട്  അഞ്ചുവർഷമായി. വീട്ടിൽ താമസമായിട്ട് പല അസ്വസ്ഥതകളും അനുഭവപ്പെടുന്നു. ഈയിടെയായി വാസ്തുവിദ്യ അറിയാവുന്ന ഒരാളിനെ വീട്ടിൽ വിളിച്ച് കാണിച്ചു. അദ്ദേഹം വീട്ടിൽ മർമ്മദോഷമുണ്ടെന്നും വീടിന്റെ മദ്ധ്യം അടഞ്ഞുപോയിട്ടുണ്ടെന്നും പറഞ്ഞു. പരിഹാരമായി വാതിലിന് നേരെ ലിന്റലിന് മുകളിൽ ഒരു ഹോൾ ഇടുകയുണ്ടായി. എന്നാൽ അതുകൊണ്ടൊന്നും വലിയ മാറ്റം അനുഭവപ്പെടുന്നില്ല. ഇതിനെ എന്തെങ്കിലും മറ്റു പ്രതിവിധിയുണ്ടോ?'. കഴിഞ്ഞയാഴ്ച തേടിയെത്തിയ സംശയമാണിത്.

കത്തിൽകൂടിയുള്ള സംശയത്തിന് വീടുസന്ദർശിക്കാതെ ഉത്തരം പറയുന്നത് പ്രയാസമാണെന്ന് അറിയാമല്ലോ. എന്നാൽ എന്താണ് മർമ്മദോഷം എന്ന് നോക്കാം. ഒരു ഗൃഹം പണിയുമ്പോൾ പലരീതിയിലുള്ള മർമ്മദോഷങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. അത് പ്ലാൻ തയ്യാറാകുന്നതു മുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിൽ ആദ്യത്തേത് പറമ്പിന്റെ മർമ്മമാണ്. നമുക്ക് കിട്ടുന്ന പറമ്പിനെ പരമാവധി ചതുരമായോ ദീർഘചതുരമായോ ആദ്യം വിഭജിക്കുക. ഇതിന്റെ മദ്ധ്യത്തുകൂടി കിഴക്ക് പടിഞ്ഞാറായും തെക്കു വടക്കായും രേഖകൾ വരയ്ക്കുക. ഇതിനെ യഥാക്രമം ബ്രഹ്മസൂത്രമെന്നും യമസൂത്രമെന്നുമാണ് അറിയപ്പെടുന്നത്. രണ്ടാമത് വീടിന്റെ മദ്ധ്യസൂത്രമാണ്. ഇതും തടസ്സമായാൽ മർമ്മദോഷമായി കണക്കാക്കേണ്ടിവരും. മൂന്നാമതായി വാതിലിന്റെ മദ്ധ്യസൂത്രം ഇതും തടസ്സപ്പെടാതെ നോക്കുന്നത് നല്ലതാണ്. ഈ മദ്ധ്യ സൂത്രങ്ങൾ ഗൃഹനിർമ്മാണ സമയത്ത് ഭിത്തി, സ്തംഭം മുതലായവ വന്ന് തടസ്സപ്പെടരുത്. അങ്ങനെ സംഭവിച്ചുപോയാൽ

ശ്ലോകം
മർമ്മത്തിൽ കാലുനാട്ടിപ്പുരയുടെ പണിയും
തീർന്നുപോയാലതിന്നും
ദോഷം പോവാനുപായം പരിചൊട്ടുമഹിഷം
സിംഹമോടാനകൂർമ്മം
പൊൺകൊണ്ടേ തീർത്തു
നന്നായിപ്പുയുടെ നടു
വിൽ പണി തന്റെ ശിരസ്സും
സ്ഥാപിച്ചാൽ സൂത്രദോഷം സകലമതുശമി
ച്ചാലയ ക്ഷേമണ്ടാം

എന്ന ശ്ലോക പ്രകാരം ഭവനത്തിന്റെ മർമ്മ സ്ഥാലത്ത് ഭിത്തി, സ്തംഭം മുതലായവ വച്ച് പുരയുടെ പ്രവൃത്തി തീർന്നുപോയിട്ടുണ്ടെങ്കിൽ അതിന്റെ ദോഷം പോകുവാൻ ഒരു ഉപായമുണ്ട്. വഴിപോലെപോത്ത്, സിംഹം, ആന, ആമ, പന്നി എന്നിവയുടെ ശിരസുകൾ പൊന്നുകൊണ്ട് ശാസ്ത്രവിധിപ്രകാരം ഉണ്ടാക്കിവച്ച് പുരയുടെ ഗർഭഗൃഹത്തിൽ അല്ലെങ്കിൽ വാതിലിന്റെ അടിവശത്ത് സ്ഥാപിച്ചാൽ എല്ലാ സൂത്രദോഷങ്ങളും കുറഞ്ഞ് വരികയും വീട്ടിൽ ക്ഷേമൈശ്വര്യങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതാണ്.

ഈ പഞ്ചശിരസുകൾ സ്ഥാപിക്കുന്നതിനും ശാസ്ത്രവിധിപ്രകാരം പ്രത്യേകം നിബന്ധനയുണ്ട്.

മദ്ധ്യേ കുർമ്മശിരസ്സുവർണ്ണരചിതം
വഹ്നൌതഥാമാഹിഷം
പഞ്ചാസ്യം നിരതൌ ഹുതാശനസഖൌ
മാതംഗജം സൂകരം
ഈശാനെ, നവധ്യാന്യപൂരിത ശുഭം
ആമന്ത്ര സംസ്ഥാശഹാ
ന്തേച സ്ഥാപയതാഞ്ചവാസ്തുഭൂരിത
ശ്ശാന്ത്യൈർമഹാമന്ത്രവിത്ത്

എന്ന ശ്ലോകപ്രകാരം ഭവനത്തിലെ ദോഷപരിഹാരത്തിനായി പൊന്നു കൊണ്ടുണ്ടാക്കിയ പഞ്ചശിരസുകൾ ഗർഭഗൃഹത്തിന്റെ ഉള്ളിൽ കുഴിച്ച കുഴിയിൽ മദ്ധ്യത്ത്കൂർമ്മത്തിന്റെയും അഗ്‌നിമൂലയിൽ പോത്തിന്റെയും ശിരസും നിരുതിമൂലയിൽ സിംഹത്തിന്റെയും ഈശാനമൂലയിൽ പന്നിയുടെ ശിരസും നവധാന്യത്തോടും മന്ത്രോച്ചാരണത്തോടും കൂടി തന്ത്രിവാര്യൻ സ്ഥാപിക്കണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.

സൂത്രങ്ങൾ ഗൃഹവാസ്തുവിൽ
കണക്കാക്കുന്നതെങ്ങനെ
വീടിനെ വാസ്തുപുരുഷനായി കണക്കാക്കുക എന്നുപറയുമ്പോൾ ഗൃഹം സപ്തധാതുക്കളായ നിർമ്മിതമായ പുരുഷ ശരീരമായി മാറുന്നു. അങ്ങനെ സപ്തനാഡികളെ നലനിറുത്തുന്ന നാഡികളും സിരകളും ഉണ്ടാകുന്നു. അതിൽ മദ്ധ്യത്തിൽ വരുന്ന നാഡികൾക്കാണ് പ്രാധാന്യം. സപ്തനാഡികളിൽ സൂഷുമ്‌നാ നാഡിക്കാണ് പ്രാധാന്യം. ഈ നാഡി മദ്ധ്യത്തിൽ കൂടി പോകുന്നതാണല്ലോ. അതുപോലെ ഗൃഹത്തിന്റെ മ ദ്ധ്യത്തുകൂടി കടന്നുപോകുന്ന മദ്ധ്യസൂത്രത്തെ സുഷുമ്‌നാ നാഡിയായി പരിഗണിച്ചാൽ ഇതിന് ക്ഷതം സംഭവിച്ചാൽ മനുഷ്യശരീരത്തിന് സംഭവിക്കാവുന്നത്  വീടിനും അനുഭവപ്പെടും എന്നാണ് ശാസ്ത്രം പറയുന്നത്. ഗൃഹമദ്ധ്യം സുഷുമ്‌നാ നാഡിയായി കണക്കാക്കിയാൽ വാസ്തുപുരുഷൻ മലർന്ന് കിടക്കുന്നതായിട്ടാണ് കണക്കാക്കുന്നത്. അങ്ങനെ വരുമ്പോൾ വീടിന്റെ ഉയരത്തിന്റെ അഞ്ചിൽ രണ്ടു ഭാഗമായിട്ടാണ് കണക്കാക്കേണ്ടത്. ഈ ഉയരത്തിലാണ് മദ്ധ്യസൂത്രത്തിന്റെ ഉയരം നിശ്ചയിക്കേണ്ടത്. ഉദാഹരണമായി 3 മീറ്റർ ഉയരംഉള്ള വീടാണെങ്കിൽ അതിന്റെ അഞ്ചിൽ രണ്ട് ഭാഗം 120 സെ.മീ ആയി വരും. ഈ ശാസ്ത്രവിധി അറിഞ്ഞുകൂടാത്തവർ മദ്ധ്യസൂത്രം ലിന്റലിന് മുകളിൽ കൂടി കണക്കാക്കാറുണ്ട്. ഇത് തെറ്റായ രീതിയാണ് എന്ന് മനസിലാക്കണം.

No comments:

Post a Comment