Sunday, 6 September 2015

അടുക്കളയിൽ പലതുണ്ട്

അടുക്കളയിൽ പലതുണ്ട് 

അടുക്കള ഒരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. കുടുംബത്തിന്റെ കൂട്ടായ്മയും ഐശ്വര്യവും രുചിയാർന്ന അനുഭവങ്ങളുമായ് മാറുന്നതിൽ അടുക്കളയുടെ സ്ഥാനം ചെറുതല്ല. ആഹാരത്തിലും വസ്ത്രരീതിയിലുള്ള മാറ്റങ്ങളുമെല്ലാം കാലം നമ്മളിൽ വരുത്തുന്ന ചിട്ടപ്പെടുത്തലുകൾ പോലെ അടുക്കളയ്ക്കും രൂപമാറ്റം വന്നുകഴിഞ്ഞു. പഴയകാലത്ത് വീട്ടിൽ നിന്ന് പുറത്തേക്ക് വേറിട്ട് വിറകും മറ്റും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ മാത്രം ഉപയോഗിച്ചിരുന്ന അടുക്കള ഇന്ന് ഒരു ഓർമ്മ മാത്രം.

മോഡുലാർ കിച്ചൺ കാബിനറ്റിന്റെ സ്ഥാനത്ത് മണ്ണുകൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്‌ഫോമിൽ ഇഷ്ടികയിലോ മണ്ണിലോ തീർത്ത അടുപ്പുകൾക്ക് പകരം മരംകൊണ്ട് തീർത്ത മനോഹരമായ കിച്ചൺ കാബിനറ്റും അതിന് മുകളിൽ ഗ്രാനൈറ്റ് മാർബിൾ മുതലായവകൊണ്ട് നിർമ്മിച്ച പ്ലാറ്റ്‌ഫോമും സുന്ദരവും അതി നൂതനവുമായി കുക്കിംഗ് റെയിഞ്ച് ഹോബ് മുതലായവ സ്ഥാനം പിടിച്ചിരിക്കുന്നു. പുക പുറത്തോട്ട് പോകുവാൻ ഉള്ള മരം കൊണ്ടുള്ള ജാളികൾക്ക് പകരം ഇലക്ട്രിക് ചിമ്മിനികളും ആയിക്കഴിഞ്ഞു. ഒരു വീടിന്റെയും അവിടത്തെ താമസക്കാരുടെയും സ്വഭാവവും ശൈലിയും അടുക്കള കണ്ടാൽ പ്രതിഫലിക്കും.

പ്രതാപം, പ്രൗഢി
അടുക്കള ഇന്ന് പ്രൗഢിയുടെയുംപ്രതാപത്തിന്റെയും ഒരു ഉദാഹരണമായി മാറിക്കഴിഞ്ഞു. ഗൃഹനിർമ്മാണത്തിൽ, ആദ്യമായി പ്ലാൻ തയ്യാറാക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും ഏറ്റവും കൂടുതൽ ആളുകൾ നിർദ്ദേശം പറയുന്നതും അടുക്കളയെക്കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ ഒരു വീടിന്റെ ഏറ്റവും ശ്രദ്ധ കേന്ദീകരിച്ച് കൈകാര്യം ചെയ്യേണ്ട ഒരു ഭാഗമാണ് അടുക്കള, മാറുന്ന ജീവിതശൈലികൾക്ക് ഇണങ്ങുംവിധം അടുക്കളയും ഉടുത്തൊരുങ്ങി പുതുഭാവത്തിലാകുന്നു. വീടു നിർമ്മാണത്തിൽ ഏറെ കരുതലും ശ്രദ്ധയും നൽകുന്നതിപ്പോൾ അടുക്കളയ്ക്കാണ്. പണച്ചെലവു വരുന്നതും അടുക്കളയ്ക്കാണ്. അടുപ്പുകൾ തന്നെ വിവിധയിനത്തിൽ വിറകടുപ്പിന് പകരം ഗ്യാസ്, ഇലക്ട്രിക്കൽ ഹോബുകൾ മൈക്രോവേവ് ഓവനുകൾ തുടങ്ങി എത്രയെത്ര വൈവിധ്യങ്ങൾ. സ്റ്റോറേജ് സംവിധാനത്തിലും പുതു പരീക്ഷണങ്ങൾ തുടരുകയാണ്. സ്ഥല പരിമിതിയുടെ കാര്യത്തിൽ പുതുമ നിറഞ്ഞതും സൗകര്യപ്രദവുമായ രീതിയാണ് പുതിയ അടുക്കളകൾ. അടുപ്പും സിങ്കും ഫിഡ്ജുമെല്ലാം എവിടെ എങ്ങനെ ആവണമെന്ന ധാരണ മനസിലുറപ്പിക്കുന്നത് അടുക്കളയുടെ കാര്യക്ഷമത വർദ്ധിക്കുന്നതിന് കാരണമാകും.

അടുക്കളയുടെ വാസ്തുഅടുക്കള പണിയുമ്പോൾ വാസ്തു ചിന്തയിൽ കാര്യമായ പ്രാധാന്യം ഉണ്ട്. പഴയകാലത്ത് വീടിന്റെ വടക്കുകിഴക്ക് ഭാഗത്തായി വീട്ടിൽ നിന്ന് അല്പം കിഴക്കു ഭാഗത്തായിട്ടാണ് കൂടുതലും അടുക്കള പണിതിരുന്നത്. ഇതിന് ശാസ്ത്രീയമായ ഒരു അടിത്തറയും ഉണ്ടായിരുന്നു. കേരളത്തിന്റെ കാലാവസ്ഥയിൽ കാറ്റിന്റെ ദിശയും പരിശോധിക്കുമ്പോൾഇത് ശരിയാണ് എന്ന് സമ്മതിക്കേണ്ടിവരും. കാരണം നമ്മുടെ കാലാവസ്ഥയും പടിഞ്ഞാറു നിന്ന് വടക്ക് കിഴക്കോട്ടാണ് കാറ്റിന്റെ ദിശ. അപ്പോൾ അടുക്കളയിലെ പുകയും പണവും വീട്ടിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ കിണറിന്റെ സ്ഥാനം വടക്ക് കിഴക്കായതിനാൽ അടുക്കളയും ആ ഭാഗത്ത് സൗകര്യപ്രദമാണ്. അതോടൊപ്പം അടുക്കള തെക്ക് കിഴക്കായും വടക്ക് പടിഞ്ഞാറായും പണിയാമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

അടുക്കളയുടെ ഉൾവശംവാസ്തുവിധി പ്രകാരം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് അടുപ്പിന്റെ സ്ഥാനം കിഴക്ക് ഭാഗത്ത് അതായത് അടുപ്പ് പടിഞ്ഞാറ് മുഖമായും കിഴക്ക് വശത്തും വരുന്ന സ്‌ളാബിൽ ആണ് വരേണ്ടത്. അടുപ്പ് വയ്ക്കുന്നതിടത്ത് ഗ്യാസ് സിലിണ്ടർ വയ്ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കണം. അടുപ്പിന്റെ തീനാളങ്ങൾക്ക് തടസമുണ്ടാകാത്ത തരയിൽ വേണം ജനലുകൾ സ്ഥാപിക്കേണ്ടത്. അടുപ്പിന് അരികിൽ കൈയെത്തും ദൂരത്തിലായിരിക്കണം അടുക്കള ഉപകരണങ്ങളും മസാല മറ്റ് ആവശ്യ സാധനങ്ങളും സ്റ്റോർ ചെയ്യേണ്ടത്. സിങ്ക് എപ്പോഴും ജനാലക്കരികിൽ വയ്ക്കുന്നതാവും നല്ലത്.

വിശാലമായ അടുക്കളയെക്കാളും ചെറുതും ഒതുങ്ങിയതുമായ അടുക്കളയാണ് ഇന്ന് ഏറെ സൗകര്യം. വാസ്തു വിധി അനുസരിച്ച് ഒരു വീടിന്റെമറ്റു മുറികളെ അപേക്ഷിച്ച് അടുക്കള വലുതാകാൻ പാടില്ല എന്നാണ്. അങ്ങനെ വന്നാൽ വീട്ടിലെ ചെലവ് വർദ്ധിക്കും എന്നാണ് മനസിലാക്കേണ്ടത്. ഒരു സ്ഥലത്തു നിന്ന് തിരിഞ്ഞ് ചുറ്റിനും സാധനങ്ങൾ എടുക്കുന്ന രീതിയിൽ വർക്ക് ട്രയാങ്കിൾ രൂപത്തിലാണ് ഇന്ന് അടുക്കളയുടെ ഡിസൈൻ. ഇതനുസരിച്ച് ഫ്രിഡ്ജ്, സിങ്ക്, സ്റ്റൗവ് എന്നിവ ക്രമീകരിക്കപ്പെടുന്നു. സാധാരണ അഞ്ചു രീതിയിൽ അടുക്കള ഡിസൈൻ ചെയ്യാം.
1. 'U' ഷേപ്പ് കിച്ചൺ
2. 'L' ഷേപ്പ് കിച്ചൺ
3.  പാരലൽ കിച്ചൺ
4. പെനിൻസുലാ കിച്ചൺ
5. ഐലന്റ് കിച്ചൺ
മോഡുലാർ കിച്ചൺ (പാതകം) പണ്ട് പാതകം എന്നു പറയുന്നതു തന്നെയാണ് ഇന്ന്‌മോഡുലാർ കിച്ചൺ എന്നു പറയുന്നത്. ഇതിന് 3 അടി ഉയരമാണ് അനുയോജ്യം. അതായത് 80 സെ.മീ മുതൽ 90 സെ.മീ വരെ അടുക്കള ഉപയോഗിക്കുന്ന സ്ത്രീകളുടെ ഉയരം കൂടി കണക്കിലെടുത്ത് ഇതിന് മാറ്റം വരുത്തണം.

No comments:

Post a Comment