Sunday, 6 September 2015

വീടൊരുക്കാം സ്നേഹ കൂടൊരുക്കാം

വീടൊരുക്കാം സ്നേഹ കൂടൊരുക്കാം 



ഒരു നല്ല വീട് ഏതൊരാളിന്റേയും വലിയ സ്വപ്നമാണ്. കുഞ്ഞുന്നാളിൽ കളിവീട് ഉണ്ടാക്കി കളിക്കുമ്പോൾ മുതൽ നമ്മളറിയാതെ ആ സ്വപ്നം വളരും. പിന്നെ ശേഖരിച്ചു കൂട്ടുന്ന ഓരോ നാണയ തുട്ടുകളും ആ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കു വേണ്ടിയാകും. സുഖങ്ങളൊന്ന് അറിഞ്ഞ് ആസ്വദിക്കാനും,  വേദനയുടെ ഭാരമിറക്കി വെയ്കക്കാനുമൊക്കെ  ഏറ്റവും പ്രിയപ്പെട്ട ഒരിടമാകും  നമുക്ക് സ്വന്തം വീട്. 

         വീടൊരുക്കുമ്പോൾ പുറം മോടിക്ക് ആദ്യ സ്ഥാനം കൊടുക്കുന്നവരാണ് നാം മലയാളികൾ. ആരു കണ്ടാലും ഒന്നു നോക്കണം അതാണ് മിക്ക വരുടേയുംആഗ്രഹം. മുന്നിലെ അലങ്കാര പണികളൊക്കെ നടത്തി കീശ കാലിയാക്കി അകത്തേക്കു കടക്കുമ്പോഴേക്കും ചില 'അഡ്ജസ്റ്റ്'പണികളൊക്കെ മുറിക്കുള്ളിൽ നടത്തും. പുറത്തെ ഭംഗിയേക്കാൾ അകത്ത് വേണം കൂടുതൽ  പ്രാധാന്യം നൽകാൻ എന്നത് മറക്കാതിരിക്കുക. നിങ്ങളുടെ ജീവനും ജീവിതവുമൊക്കെ ഇൗ മുറിക്കുള്ളിലാണ്. ചിലപ്പോൾ മുറിയിലെ ഒരു മങ്ങിയ നിറം, ചുവരിലെ ആകർഷകമല്ലാത്ത ചിത്രം, അതു ചിലപ്പോൾ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ മാറ്റി മറിച്ചേക്കാം. 

       കൈയ്യിൽ നാലു പുത്തൻ വരുമ്പോൾ വീടു നിർമ്മാണത്തിന് ചാടി ഇറങ്ങുന്നവരാണ് മിക്കവരും. പിന്നെ വിചാരിച്ചതിനേക്കാൾ കൂടുതൽ കാശിറങ്ങി എന്നു പറഞ്ഞു കരയാനും തുടങ്ങും. കൃത്യമായ പദ്ധതിയുമായി വേണം വീടു നിർമ്മാണത്തിനിറങ്ങാൻ. വീടിന്റെ കല്ലിടുന്നതു മുതൽ നിർമ്മാണം പൂർത്തിയാക്കി അവസാന മിനുക്കുപണി ചെയ്യുന്നതു വരെ ചെലവിടാൻ പോകുന്ന കാശിനെ പറ്റി കണക്കു കൂട്ടി ഇറങ്ങാൻ നമുക്ക് കഴിയേണം. 

      കുറഞ്ഞ ചെലവിൽ ആരേയും ആകർഷിക്കുന്ന ലോ കോസ്റ്റ് വീടുകൾ ഒരു ഫാഷൻ ആയിരുന്നു. എന്നാൽ ചെലവു കുറയുമ്പോൾ വീടിന്റെ ഗുണം കുറയുമെന്നത് പലരും മറന്നു. കുറഞ്ഞ ചെലവിൽ വീടൊരുക്കാനായെന്ന് ആരോടും പറയാതെ അഹങ്കാരം മനസ്സിൽ വിരിയുമ്പോഴേക്കും വീടിന് അവിടേയും ഇവിടേയുമൊക്കെ പണികൾ വന്നു തുടങ്ങും. ലോ കോസ്റ്റ് വീടുകൾ നമ്മുടെ കാലാവസ്ഥയ്ക്കും അത്ര യോജിച്ചതല്ല. നല്ല വീടുകൾ കുറഞ്ഞ ചെലവിൽ അതാകണം നമ്മുടെ സ്വപ്നം. 

        പരിസ്ഥിതി സൗഹൃദ വീടുകളാണ് പുതിയ കാലത്തിനാവശ്യം. പുതിയതലമുറയടക്കം ആവശ്യപ്പെടുന്നതും അതു തന്നെ. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം എല്ലാ കാലത്തും വീടുകൾക്കുമുണ്ടാകും. ആ മാറ്റത്തേയും മുന്നിൽ കണ്ടു കൊണ്ടുവേണം വീടൊരുക്കാൻ.

No comments:

Post a Comment