Sunday, 6 September 2015

സമാധാനത്തിന്റെ വാതായനങ്ങൾ

സമാധാനത്തിന്റെ വാതായനങ്ങൾ 


നല്ലൊരു ആർക്കിടെക്ടിനെക്കൊണ്ട് പ്ലാൻ വരപ്പിച്ചു. നിർമ്മാണവും നല്ല രീതിയിൽ ചെയ്തു. കാണാനും വളരെ നല്ല വീട്. പക്ഷേ ഒരു കുഴപ്പം വീട്ടിൽ കയറിയപ്പോൾ വല്ലാത്തൊരു ചൂട്. ആകെ ഒരു അസ്വസ്ഥത. വീട്ടിലിരിക്കാൻ ഒരു സുഖമില്ല. വീടിന്റെ വാസ്തു ശരിയായിരിക്കില്ല. അതാണ് കുഴപ്പമെന്ന് അയൽപക്കകാർ പറഞ്ഞു. വാസ്തു വിദഗ്ദ്ധർ വന്നു ചില പരിഷ്‌ക്കാരങ്ങൾ പറഞ്ഞു ചെയ്തു നോക്കി മാറ്റമില്ല. പിന്നെയും വീടിന്റെ  കുഴപ്പം തീർന്നില്ല. വീട്ടിൽ ചെന്നു നോക്കി. വാസ്തുമാത്രമല്ല നിർമ്മാണത്തിലെ ചില പിഴവുകൾ ശ്രദ്ധയിൽ പെട്ടു. അത് വായനക്കാരുമായി പങ്കുവയ്ക്കുന്നു.

ഒരു വീടു പണിയുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. മേൽ വിവരിച്ച വീട്ടിലെ (1) അപാകതകൾ അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ. അതിൽആദ്യമായി വീടിന്റെ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് യാതൊരുചെലവും കൂടാതെ നടപ്പിലാക്കാവുന്ന ഒന്നാണ് വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ജനാലകളും വാതിലുകളും ക്രോസ് വെന്റിലേഷൻ ആയി വരുത്തേണ്ടത്. ജനാലകൾ നേർക്കുനേർ വരുത്തിയാൽ പോര അവ തുറന്നിടണം.
ഈ വീട്ടിൽ എല്ലാ ജനാലകളും കർട്ടൻ ഇട്ട് അടച്ചിരിക്കുന്നു.കള്ളന്മാരുടെ ശല്യമാണ് കാരണം പറഞ്ഞത്. ജനൽ കതക് രണ്ടായി പണിതാൽ പകുതി അടച്ചും പകുതി തുറന്നും ഇടണം  വാസ്തുശാസ്ത്രത്തിൽ പറയുന്ന യമസൂത്രം ബ്രഹ്മസൂത്രവും ഈ അർത്ഥത്തിൽ ശരിയായി കാണേണ്ടതുണ്ട്.

രണ്ടാമതായി ഈ വീട്ടിൽ എയർഹോൾ ഒന്നുമില്ല. കാരണം തിരക്കിയപ്പോൾ കിളികളുടെയും പ്രാണികളുടെയും ശല്യമാണ്. ഫലമോ സഹിക്കാൻ വയ്യാത്ത ചൂടാണ്. അപ്പോൾ രണ്ടാമതായി വീട്ടിൽ ആവശ്യത്തിന് എയർഹോൾ വേണം.അതിനെ ഫലപ്രദമായ രീതിയിൽ നെറ്റ് കൊണ്ട് ക്ലോസ് ചെയ്താൽ മതി. കാണുമ്പോൾ ഒരു കുഞ്ഞുഹോളാണെങ്കിലും പ്രയോഗത്തിൽ വളരെ കേമനാണ് ഈഎയർഹോൾ.
ജനാലകളിലൂടെ കടക്കുന്ന തണുത്തകാറ്റ് മുറിക്കുള്ളിൽ പ്രവേശിച്ച് ചൂടുപിടിച്ച വായു ഈ ഹോളിൽകൂടി പുറത്ത് പോകുന്നു. ഫലത്തിൽ വീട്ടിൽ ഒരു പ്രകൃതിദത്ത എയർ കണ്ടിഷൻ ആയി പ്രവർത്തിക്കുന്നു. എയർ ഹോൾ കൊടുക്കുമ്പോൾ പുറം ചുവരുകളിൽ മാത്രമേ കൊടുക്കാൻ പാടുള്ളൂ.

വീടിന്റെ ഓറിയന്റേഷൻഓറിയന്റേഷൻ എന്നത് വീടിന്റെ സ്ഥാനം നിർണ്ണയിക്കലാണ്. ഇത് വാസ്തുശാസ്ത്രപ്രകാരം വീടിന്റെ ദർശനംഅനുസരിച്ച് വീടിന്റെ കിഴക്ക്  തെക്ക്  പടിഞ്ഞാറ്  വടക്ക് എന്നീ നാലു ദിശകളിലും വിടേണ്ട സ്ഥലമാണ്. ഇതിന് ശാസ്ത്രവിധിപ്രകാരം കണക്കുകൾ ഉണ്ടെങ്കിലും കൂടുതൽ വെയിൽ അടിക്കുന്ന ഭാഗം കിഴക്കും പടിഞ്ഞാറും തെക്കും ആണ്. ഈ ഭാഗങ്ങളിൽ ചുവരിൽ സൂര്യതാപം കൂടുതൽ പതിയാതെ ഷേഡ് നിർമ്മിക്കുന്നത് നല്ലതാണ്. അപ്പോൾ വീട്ടിനകത്ത് സൂര്യന്റെ താപനില കുറയ്ക്കുവാൻ സാധിക്കും.

മുഖപ്പ്ചരിഞ്ഞ കൂരയുള്ള പഴയവീടുകൾക്ക് മുഖപ്പ് ഒരു പ്രധാന താപക്രമീകരണ സംവിധാനമാണ്. നമ്മുടെ ധാരണ മുഖപ്പ് എന്ന് പറയുന്നത് ഭംഗിക്കുവേണ്ടി നിർമ്മിക്കുന്നതാണ് എന്നാണ്. എന്നാൽ ഈ മുഖപ്പുകൾ വീടിന്റെ ഉള്ളിലെ താപം നിയന്ത്രിക്കുന്നതിൽ പ്രഥമ പരിഗണന അർപ്പിക്കുന്നു. മുറിക്കുള്ളിലെ ചൂടുവായുവിനെ പുറംതള്ളുന്നതിന് ഇത് വളരെ സഹായിക്കുന്നു. ചരിഞ്ഞ കൂരയാണെങ്കിൽ ട്രയാങ്കിൾ ഷേപ്പ് ആയ ഭാഗത്ത് വന്നു ചേരുന്ന ചൂടുപിടിച്ച വായു ഈ മുഖപ്പിൽകൂടി പുറത്തേക്ക് പോകുന്നു. ഇതിനാണ് മുഖപ്പുകളിൽ ഹോളുകളും ചിത്രപണിചെയ്ത് സുഷിരങ്ങളും ഇടുന്നത്.

പർഗോളവീടിന്റെ ഏറ്റവും ഉയരും കൂടിയ ഭാഗത്ത് പർഗോള ചെയ്യുന്നത് വീട്ടിനകത്തെ ചൂട് ക്രമീകരിക്കുന്നതിന് സഹായിക്കും. പർഗോള ചെയ്യുമ്പോൾ സൂര്യതാപം വീടിനകത്തേക്ക് പതിക്കാതെ ചരിച്ച് സ്ലാബ് വാർക്കുന്നതാണ് ഉചിതം. ചൂടുകുറക്കുന്നതിന് ഇനിയും പല കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്ര ഉഷ്ണസമയത്തും വീട്ടിൽ ഫാൻപോലും ഉപയോഗിക്കാതെ കിടന്ന് ഉറങ്ങുവാൻ നമുക്ക് സാധിക്കും. വീടിന് ചുറ്റും തണൽ മരങ്ങൾ നടുക, ആവശ്യത്തിന് ജനൽകർട്ടൻ ഇടുക. സൂര്യതാപം ചെറുക്കാൻ പാകത്തിൽ സൺഷേഡ് തീർക്കുക,മുറ്റത്ത് ആവശ്യമില്ലാതെ ഇന്റർലോക്ക് ഇടാതിരിക്കുക എന്നിവ ഇവയിൽ ചിലതാണ്.

No comments:

Post a Comment