Sunday, 6 September 2015

ഇത് ‌ഞങ്ങളുടെ ഏരിയ

ഇത് ‌ഞങ്ങളുടെ ഏരിയ 


കുട്ടികൾ വളരെ വേഗത്തിൽ വളരുന്നു. എന്നതിനാൽ കുട്ടികൾക്കായി മാത്രം ഒരു മുറി ഒരുക്കുന്നത് ബുദ്ധിപൂർവ്വമാണോ എന്ന് ചില സംശയങ്ങൾ ഉണ്ടാവാംഎന്നാൽ വീടു നിർമ്മാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും കുട്ടികളുടെ കാര്യത്തിലാണ്. മിക്കവാറും ഗൃഹനിർമ്മാണം ആരംഭിക്കുമ്പോൾ വീട്ടിലെ മുതിർന്നവരേക്കാൾ വീടിനെപ്പറ്റി കൂടുതൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് കുട്ടികൾ തന്നെയാണ് എന്നതാണ് സത്യം. അവരുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും തീർച്ചയായും പരിഗണനകൊടുത്ത് തന്നെ വേണം ഗൃഹനിർമ്മാണം നടത്താൻ.എന്നാൽ ഈ കുട്ടികൾ ഉടൻതന്നെ വളർന്ന് മുതിന്നവരാകാൻ അധികം സമയം എടുക്കില്ല എന്നതിനാൽ അവരുടെ ബാവി ഉപയോഗവും കൂടി കണക്കിലെടുത്ത് വേണം രൂപകല്പന ചെയ്യേണ്ടത്.

കുട്ടികൾ പൊതുവേ പുതിയതരം ഉപകരണങ്ങളും മറ്റും തങ്ങളുടെ മുറിയിൽ വേണമെന്ന് വാശിപിടിക്കും. അവയൊക്കെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ വേണമെന്നും ചുവരുകളിൽ കടുത്ത നിറങ്ങൾ വേണമെന്നും ആവശ്യപ്പെടും. എന്നാൽ അത് രൂപകല്പന ചെയ്യുമ്പോൾ കുട്ടികളുടെ മുറി പ്രായോഗികതലത്തിലും ക്രിയാത്മകമായും സന്തുലിതമായിരിക്കണം. അവ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും രസിക്കുന്ന തരത്തിലായിരിക്കണം. കുട്ടികളുടെ മുറി ഭംഗിയാക്കാൻ അബ്‌സ്ട്രാക്ട് പെയിന്റിംഗും വർണാഭമായ പേപ്പർ കൊളാഷുമാണ് നല്ലത്. കുട്ടിക്കാലത്തെ ഫോട്ടോകൾ തടിയുടെയോ മെറ്റലിന്റെയോ ഫ്രെയിം ചെയ്ത് തൂക്കുന്നത് നല്ലതാണ്. മ്യൂറൽ പെയിന്റിംഗ് കുട്ടികളുടെ മുറിയിൽ ഇണങ്ങുന്നതാണ്. കുട്ടികളുടെ മുറിയിൽ ബങ്ക് കിടക്ക വളരെ യോജിച്ചതാണ്. വലുതാകുമ്പോൾ ഈ കിടക്ക പല തരത്തിലുപയോഗിക്കാവുന്ന തരത്തിൽ ഷെൽഫ്, ഗോവണി ഇവയായി ഉപയോഗിക്കാം. മുറിയിൽ ഒരു ബോർഡ് സ്ഥാപിക്കുന്നതു കുട്ടികളുടെ ക്രിയാത്മകമായ വാസന വളർത്താൻ സഹായിക്കും. വർണ്ണാഭമായ വാൾപേപ്പർ, ജിയോമെട്രിക് റഗ് എന്നിവ മുറിക്ക് ഓജസ്സ് പകരുന്നതുമായിരിക്കണം. വർണ്ണങ്ങൾ കൊണ്ടും ഫർണിച്ചർകൊണ്ട് ഇത് കൈവരിക്കാൻ ഒരു ഇന്റീരിയർ ഡിസൈനർക്ക് കഴിയും. ബിൻബാഗ്, ചെയർ, ഫ്‌ലോർകുഷൻ, റഗുകൾ തുടങ്ങിയവ ഉപയോഗിച്ചാൽ പ്രസരിപ്പ് കൊണ്ടുവരുവാൻ സാധിക്കും. ക്യാബിനറ്റുകളും ഷെൽഫുകളും നിർമ്മിക്കുമ്പോൾ അവകളിപ്പാട്ടങ്ങൾ വയ്ക്കുവാനും പുസ്തകം വയ്ക്കുവാനും ഉള്ള തരത്തിലാവണം രൂപകല്പന ചെയ്യേണ്ടത്. കുട്ടികൾക്ക് ഇഷ്ടപ്പെട്ടവ ചുറ്റുമുള്ള ഭിത്തികളിൽ വരുന്ന രീതിയിൽ വേണം രൂപകല്പന വരേണ്ടത്. ചുവരുകൾക്ക് ഇളം നിറവും കടുത്തനിറവും മാറ്റിമാറ്റി കൊടുക്കാം. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള ഫർണിച്ചർ ആയിരിക്കണം വേണ്ടത്. ഉദാഹരണമായി കട്ടിൽ 180ഃ120 അളവിലാണ് ചെയ്യുന്നതെങ്കിൽ കുട്ടിവളർന്ന് കോളേജിൽ എത്തുന്നതുവരെയും ഉപയോഗിക്കാം. നിറം തിരഞ്ഞെടുക്കുമ്പോൾ കടുംനീല ഒഴിവാക്കി ഇളം മഞ്ഞ, പച്ച, ബ്രൗൺ എന്നിവയാക്കുക. കുട്ടികളുടെ മുറി ഒരുക്കുമ്പോൾ അത് വെറുമൊരു മുറിയായി മാത്രം കാണാതെ അവരുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നു എന്ന ചിന്ത ആയി വേണം കരുതാൻ. ഹോം വർക്ക് ചെയ്യാനും കുളിക്കാനും കുത്തിമറിയാനും അലസമായി കിടക്കാനും കളിക്കോപ്പുകൾ നിരത്താനും കൂട്ടുകാർക്ക് ഇരിക്കാനും സൗകര്യം ഉണ്ടാവണം. അതിനാൽ പ്രായോഗികതയും ക്രിയാത്മകതയും ഉണ്ടാവണം.

No comments:

Post a Comment